ഇത്തിഹാദ് ഇന്ത്യയിലേക്കുള്ള സർവീസിന്റെ 15 ാം വാർഷികം ആഘോഷിക്കുന്നു

Posted on: August 23, 2019

അബുദാബി : യുഎഇയുടെ ദേശീയ എയർലൈനായ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കുള്ള സർവീസിന്റെ 15 ാം വാർഷികം ആഘോഷിക്കുന്നു. ഇത്തിഹാദ് അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് 2004 സെപ്റ്റംബറിലാണ് ആദ്യ സർവീസ് ആരംഭിച്ചത്. ഇപ്പോൾ അബുദാബിയിൽ നിന്ന് 10 ഇന്ത്യൻ നഗരങ്ങളിലേക്കായി (അഹമ്മദാബാദ്, ബംഗലുരു, ചെന്നൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ) പ്രതിവാരം 159 ഫ്‌ളൈറ്റുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

കൂടാതെ ഇന്ത്യൻ ഡെസ്റ്റിനേഷനുകളെ അബുദാബി വഴി യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയിലേക്കും തിരിച്ചുമായ ഇത്തിഹാദ് ഇതേവരെ 16.5 ദശലക്ഷത്തിൽപ്പരം യാത്രക്കാരെ കൈകാര്യം ചെയ്തു. മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഏറ്റവും ആധുനികമായ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഇത്തിഹാദ് കാർഗോ ഡൽഹി, മുംബൈ, ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഫ്രൈറ്റർ ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നുണ്ട്. ഇതേവരെ 560,000 ടൺ കാർഗോ കൈകാര്യം ചെയ്തു. വസ്ത്രങ്ങൾ, മരുന്നുകൾ, പഴം-പച്ചക്കറികൾ, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്നുള്ള പ്രധാന കാർഗോ.

ഇത്തിഹാദ് സർവീസ് നടത്തുന്ന ഏറ്റവും കൂടുതൽ ഡെസ്റ്റിനേഷനകൾ ഇന്ത്യയിലാണെന്ന് ഇത്തിഹാദ് എയർവേസ് ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിൽ ഉറച്ച സാമ്പത്തിക, സാംസ്‌കാരിക, നയതന്ത്ര ബന്ധങ്ങളാണുള്ളത്. ഇത്തിഹാദ് ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു. ഒപ്പം അബുദാബി വഴി ഇന്ത്യയെ ആഗോളതലത്തിലും ബന്ധിപ്പിക്കുന്നു. ഇത്തിഹാദിൽ 4800 ഇന്ത്യൻ പൗരൻമാരാണ് ജോലിചെയ്യുന്നത്. ഇത്തിഹാദിന്റെ മൊത്തം ജീവനക്കാരുടെ 25 ശതമാനത്തോളം വരുമിത്. ഇന്ത്യയിലെ 480 കമ്പനികളുമായുള്ള ഇടപാടിൽ കഴിഞ്ഞവർഷം ഇത്തിഹാദ് 151 ദശലക്ഷം ഡോളർ ചെലവഴിക്കുകയുണ്ടായെന്നും ടോണി ഡഗ്ലസ് ചൂണ്ടിക്കാട്ടി.