വണ്ടർലയ്ക്ക് 44.04 കോടി അറ്റാദായം

Posted on: January 30, 2015

Wonderla-Logo-Big

ബംഗലുരു : അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർല ഹോളിഡേയ്‌സ് 2014-15 ധനകാര്യവർഷത്തിലെ ആദ്യ ഒൻപതു മാസക്കാലയളവിൽ 44.04 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ ധനകാര്യവർഷം ഇതേ കാലയളവിൽ കൈവരിച്ച 32.74 കോടി രൂപയിൽ നിന്നു 35 ശതമാനത്തിന്റെ വർധനയാണ് കമ്പനി സ്വന്തമാക്കിയത്. 2014-15 സാമ്പത്തിക വർഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ വണ്ടർല 12.77 കോടി രൂപയുടെ അറ്റാദായവും നേടി.

മുൻവർഷം ഇതേ കാലയളവിൽ കൈവരിച്ച 12.39 കോടി രൂപയെ അപേക്ഷിച്ച് മൂന്നു ശതമാനം വളർച്ചയാണ് നടപ്പുവർഷം നേടിയത്. ഈ കാലയളവിൽ നികുതിയ്ക്ക് മുമ്പുള്ള ലാഭം 20 ശതമാനത്തിന്റെ വർധനയോടെ 18.52 കോടി രൂപയായി. മൂന്നാം ക്വാർട്ടറിൽ കമ്പനിയുടെ മൊത്ത വരുമാനം 41.57 കോടി രൂപയിൽ നിന്ന് 19 ശതമാനം വർധിച്ച് 49.47 കോടി രൂപയായി. അതേസമയം ഇത് കഴിഞ്ഞ ധനകാര്യവർഷത്തിന്റെ ആദ്യ ഒൻപതു മാസങ്ങളിൽ കൈവരിച്ച 121.55 കോടി രൂപയിൽനിന്ന് 25.70 ശതമാനം വർധിച്ച് 152.77 കോടി രൂപയായും ഉയർന്നതായി വണ്ടർല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

മൂന്നാം ക്വാർട്ടറിൽ ബംഗലുരു, കൊച്ചി അമ്യൂസ്‌മെന്റ് പാർക്കുകളിൽ നിന്നുള്ള വരുമാനം 44.87 കോടി രൂപയും റിസോർട്ടിൽ നിന്നുള്ള വരുമാനം 2.77 കോടി രൂപയുമാണ്. നടപ്പു ധനകാര്യവർഷത്തിന്റെ ആദ്യ ഒൻപതു മാസം അമ്യൂസ്‌മെന്റ് പാർക്കുകളിൽ നിന്നുള്ള വരുമാനം 138.87 കോടി രൂപയും റിസോർട്ടിൽ നിന്നുള്ള വരുമാനം 7.91 കോടി രൂപയുമാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തികരിക്കാനുള്ള ലക്ഷ്യത്തോടെ ഹൈദരാബാദ് പാർക്കിലേക്കു തെരഞ്ഞെടുത്ത ജീവനക്കാർ ഇതര പാർക്കുകളിൽ പരിശീലനം നേടിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.