എസ്സാർ ഓയിലിനെ റോസ്‌നെറ്റ് ഏറ്റെടുത്തു

Posted on: August 23, 2017

മൗറിഷ്യസ് : എസ്സാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എസ്സാർ ഹോൾഡിംഗ്‌സും ഓയിൽ ബിഡ്‌കോയും റഷ്യൻ കമ്പനികളായ റോസ്‌നെറ്റും ട്രാഫിഗുര-യുസിപി കൺസോർഷ്യവും ചേർന്ന് 1290 കോടി യുഎസ് ഡോളറിന് ഏറ്റെടുത്തു. മൗറീഷ്യസ് നിയമങ്ങൾക്കു കീഴിൽ പരിപാലിക്കപ്പെടുന്ന എസ്സാർ ഗ്രൂപ്പ് കമ്പനികളുടെ 98.26 ശതമാനം ഓഹരികളുടെ വിൽപ്പന പൂർത്തിയായതായി പ്രഖ്യാപിച്ചു.

റോസ്‌നെറ്റ് ഉപസ്ഥാപനമായ പെട്രോൾ കോംപ്ലക്‌സിലൂടെയും ട്രാഫിഗുര-യുസിപി കൺസോർഷ്യം ഉപസ്ഥാപനമായ കെസാനി എന്റർപ്രൈസസ് കമ്പനിയിലൂടെയും 49.13 ശതമാനം ഓഹരികൾ വീതമാണ് സ്വന്തമാക്കിയത്. ബാക്കിയുള്ള 1.74 ശതമാനം ഓഹരികൾ റീട്ടെയ്ൽ ഓഹരി ഉടമകളുടെ കൈവശമാണ്.

എസ്സാർ ഓയിൽലിന്റെ 20 മില്യൺടൺ വാർഷിക ശേഷിയുള്ള വാഡിനർ റിഫൈനറി, ഇന്ത്യയിലുടനീളമുള്ള അതിന്റെ 3500 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ, അനുബന്ധ റിഫൈനറി അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഏറ്റെടുക്കലിൽ ഉൾപ്പെടുന്നു. ലോകോത്തര ഡെസ്പാച്ച്, സ്റ്റോറേജ് സൗകര്യമുള്ള 580 ലക്ഷം ടൺ ശേഷിയുള്ള വാഡിനാർ പോർട്ട്, 1010 മെഗാവാട്ട് ശേഷിയുള്ള വാഡിനാർ പവർ പ്ലാന്റ് എന്നിവയും കരാറിൽ ഉൾപ്പെടുന്നു.
.
ആഗോളതലത്തിൽ റഷ്യ നടത്തിയിട്ടുള്ള ഏറ്റവും വലിയ നിക്ഷേപത്തിലൂടെ ഇൻഡോ-റഷ്യൻ സാമ്പത്തിക സഹകരണത്തിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് എസ്സാർ സ്ഥാപകൻ ശശി റൂയിയ പറഞ്ഞു.