എസാർ ഓയിലിന്റെ 49 ശതമാനം ഓഹരികൾ റോസ്‌നെഫ്റ്റ് വാങ്ങി

Posted on: July 9, 2015

Essar-Oil-Refinery-Big

ന്യൂഡൽഹി : എസാർ ഓയിലിന്റെ 49 ശതമാനം ഓഹരികൾ റഷ്യൻ ഗവൺമെന്റിന്റെ നിയന്ത്രണിത്തിലുള്ള എണ്ണക്കമ്പനി റോസ്‌നെഫ്റ്റ് വാങ്ങി. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ബ്രിക്‌സ് ഉച്ചകോടിയിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റഷ്യൻ സന്ദർശനത്തിനിടെയാണ് ഇരു കമ്പനികളും തമ്മിൽ ഓഹരിവില്പന സംബന്ധിച്ച് ധാരണയിലെത്തിയത്. ഏറ്റെടുക്കലിന്റെ പശ്ചാത്തലത്തിൽ എസാർ ഓയിലിന്റെ ഓഹരികൾ സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളിൽ നിന്ന് ഡീലിസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പത്ത് വർഷത്തേക്ക് എസാർ ഓയിലിന് ആവശ്യമായ100 ദശലക്ഷം ടൺ ക്രൂഡോയിൽ റോസ്നെഫ്റ്റ് വിതരണം ചെയ്യും. പ്രതിവർഷം 20 ദശലക്ഷം ടൺ ക്രൂഡോയിൽ സംസ്‌കരണശേഷിയാണ് എസാറിന്റെ വാദിനർ റിഫൈനറിക്കുള്ളത്. 2020 ൽ സംസ്‌കരണശേഷി 45 ദശലക്ഷം ടണ്ണായി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എസാർ ഓയിൽ.

നിലവിൽ 1600 ലേറെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണ് എസാർ ഓയിലിനുള്ളത്. രണ്ട് വർഷത്തിനുള്ളിൽ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം 5,000 മായി വർധിപ്പിക്കാനും ഇരു കമ്പനികളും ലക്ഷ്യമിടുന്നു.