എസ് ബി ടി ക്ക് രണ്ടാംക്വാർട്ടറിൽ 492.65 കോടി പ്രവർത്തനലാഭം

Posted on: October 29, 2016

sbt-dwaraka-branch-big

തിരുവനന്തപുരം : നടപ്പുവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 32 ശതമാനം വളർച്ചയോടെ 492.65 കോടി രൂപയുടെ പ്രവർത്തനലാഭം രേഖപ്പെടുത്തി. അതേസമയം കിട്ടാക്കടത്തിന്റെയും ടാക്‌സേഷന്റെയും ഉയർന്ന നിബന്ധനകളാൽ ഈ ക്വാർട്ടറിൽ ബാങ്ക് 587.57 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. നടപ്പു സാമ്പത്തികവർഷത്തെ ആദ്യ അർധവാർഷികത്തിൽ നഷ്ടം 1330.57 കോടിയായി. സെപ്റ്റംബർ 30 വരെയുള്ള അർധവാർഷിക കണക്കെടുപ്പിൽ 919.29 കോടിയുടെ പ്രവർത്തനലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്.

ഈ വർഷം രണ്ടാംക്വാർട്ടറിൽ പലിശയേതര വരുമാനങ്ങൾ കഴിഞ്ഞ വർഷം ഇതേ സമയത്തെ 226.43 കോടിയിൽനിന്ന് 76 ശതമാനം വർധിച്ച് 399.53 കോടി രൂപയായി. ആകെ നിക്ഷേപം 7085 കോടി വർധിച്ചു.

പലിശച്ചെലവുകൾ കുറയ്ക്കുന്നതിനായി ഉയർന്ന ചെലവു വരുന്ന വൻ നിക്ഷേപങ്ങൾ ബാങ്ക് ഘട്ടംഘട്ടമായി ചെറുകിട നിക്ഷേപങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് എസ് ബി ടി മാനേജിംഗ് ഡയറക്ടർ സി. ആർ. ശശികുമാർ പറഞ്ഞു.

ബാങ്കിന്റെ മൊത്തം വായ്പ 67,328 കോടിയിൽനിന്ന് 68,180 ആയി വർധിച്ച് 852 കോടിയുടെ വർധന രേഖപ്പെടുത്തി. 2016 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ മൊത്തം നിഷ്‌ക്രിയ ആസ്തി 11.55 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 7.2 ശതമാനവുമാണ്.