ഏകജാലക ഇൻകുബേഷൻ പദ്ധതിയുമായി സ്റ്റാർട്ടപ്പ് മിഷൻ

Posted on: December 5, 2017

തിരുവനന്തപുരം : സ്റ്റാർട്ടപ്പുകൾക്ക് എല്ലാ മേഖലകളിലും ആവശ്യമായ പരിശീലനം നൽകാനുള്ള സമ്പൂർണ ഇൻകുബേഷൻ പദ്ധതിക്ക് കേരളാ സ്റ്റാർട്ടപ് മിഷൻ രൂപം നൽകി. സർക്കാർ സഹായപദ്ധതികൾ, വ്യാവസായിക പങ്കാളിത്തം, രാജ്യാന്തര വിപണിപരിചയം, സർക്കാർ പദ്ധതികളിൽ പങ്കാളിത്തവും ധനസഹായവും, വെൻച്വർ ഫണ്ടിംഗ്, ഏഞ്ചൽ ഫണ്ടിംഗ്, ഗ്രാന്റുകൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ടാണ് രണ്ട് വർഷത്തെ പരിശീലനം.

ജനുവരി ആദ്യവാരം തിരുവനന്തപുരത്തു നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള സ്റ്റാർട്ടപ്പുകൾ ഡിസംബർ 10 നു മുൻപ് സ്റ്റാർട്ടപ് മിഷൻ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ചുരുക്കപ്പട്ടികയിലുൾപ്പെടുന്ന സ്റ്റാർട്ടപ്പുകളെ ഡിസംബർ 16 നു മുൻപ് അറിയിക്കും. അന്തിമ തിരഞ്ഞെടുപ്പ് ഡിസംബർ 21 ന് തിരുവനന്തപുരത്തു നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾ നിർബന്ധമായും ജനുവരി എട്ടു മുതൽ 12 വരെ നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം, സെക്ടർ കണക്ട് പ്രോഗ്രാം, ഡെമോ ഡേയ്‌സ് തുടങ്ങിയവയിൽ പങ്കെടുക്കണം.

ഓരോ മൂന്നു മാസവും സ്റ്റാർട്ടപ്പുകളുടെ പ്രകടനം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അവയെ തുടരാൻ  അനുവദിക്കുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് രണ്ടുവർഷവും ഇൻകുബേഷൻ ലഭ്യമാകും. ഒൻപതു മുതൽ 12 മാസം കൊണ്ട് സ്റ്റാർട്ടപ്പുകൾ വളർച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്‌യുഎം മാനേജർ അശേക് കുര്യൻ പറഞ്ഞു. എന്നാൽ വിപണിയിലെത്താൻ കൂടുതൽ സമയം വേണ്ടിവരുന്ന സ്റ്റാർട്ടപ്പുകൾക്ക് രണ്ടുവർഷം വരെ പരിശീലനം തുടരേണ്ടിവരുമെന്ന് അശോക് ചൂണ്ടിക്കാട്ടി.

കൊച്ചിയിലും കോഴിക്കോട്ടും ഇതേ പരിപാടി നടത്താൻ സ്റ്റാർട്ടപ് മിഷൻ ലക്ഷ്യമിടുന്നുണ്ട്. സാങ്കേതിക-വ്യവസായ വിദഗ്ധർ, ബിസിനസ് വൻ വിജയമാക്കാൻ വേണ്ട മാർഗനിർദേശങ്ങൾ നൽകും. വിപണിയിലെ നിലവാരമാനദണ്ഡങ്ങളെപ്പറ്റിയും സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധർ അറിവു പകരും.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പായോ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അർഹത. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കമ്പനികൾ തെരഞ്ഞെടുക്കപ്പെട്ടാൽ 2018 ജനുവരി 31നു മുൻപ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും വേണം. ഇതിന് സ്റ്റാർട്ടപ്പ് മിഷന്റെ സഹായവും ലഭിക്കും.

ഒന്നിൽക്കൂടുതൽ സ്ഥാപകരുൾപ്പെട്ടതായിരിക്കണം മുഖ്യ ടീം. ഏകാംഗ ടീമുകൾ വേണ്ട യോഗ്യതയുള്ള സ്ഥാപകരെ 2018 ജനുവരി 31 നു മുൻപ് കണ്ടെത്തുകയും വേണം. സ്റ്റാർട്ടപ് മിഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകാരം നൽകുന്നവർക്കാവും സർക്കാർ ഗ്രാന്റുകൾ അനുവദിക്കുന്നത്.

കൂടുതൽ വിവരങ്ങൾ https://startupmission.kerala.gov.in/incubation എന്ന ലിങ്കിൽ ലഭ്യമാണ്.