ടാറ്റാസൺസ് ഇനി പ്രൈവറ്റ് ലിമിറ്റഡ്

Posted on: September 21, 2017

മുംബൈ : ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാസൺസ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. മുംബൈയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് ഇതു സംബന്ധിച്ച അനുമതി നൽകിയത്. സൈറസ് മിസ്ത്രിയും കുടുംബവും തങ്ങളുടെ കൈവശമുള്ള ടാറ്റാസൺസ് ഓഹരിവിൽക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. മിസ്ത്രി കുടുംബത്തിന് ടാറ്റാസൺസിൽ 18.4 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ടാറ്റാസൺസിലെ 66 ശതമാനം ഓഹരികൾ ടാറ്റാ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.

ഒരു വർഷം മുമ്പ് സൈറസ് മിസ്ത്രി ടാറ്റാസൺസ് ചെയർമാൻ പദവിയിൽ നിന്ന് പുറത്തായശേഷമാണ് ഇതു സംബന്ധിച്ച നീക്കങ്ങൾ ആരംഭിച്ചത്. രത്തൻ ടാറ്റായും സൈറസ് മിസ്ത്രിയുമായി രണ്ട് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഈ വർഷം ജനുവരിയിൽ എൻ. ചന്ദ്രശേഖരനെ ടാറ്റാസൺസ് ചെയർമാനായി നിയമി്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിൽ പാഴ്‌സിയല്ലാത്ത ആദ്യ ചെയർമാനാണ് ചന്ദ്രശേഖരൻ.