കറൻസി നോട്ടുകളുടെ 40 ശതമാനം ഗ്രാമീണ മേഖലയ്ക്ക് നീക്കിവെയ്ക്കണമെന്ന് റിസർവ് ബാങ്ക്

Posted on: January 3, 2017

മുംബൈ : കറൻസി നോട്ടുകൾ വിതരണം ചെയ്യുമ്പോൾ 40 ശതമാനവും ഗ്രാമീണ മേഖലയ്ക്കായി നീക്കിവെയ്ക്കണമെന്ന് റിസർവ് ബാങ്ക്. അഞ്ഞൂറോ അതിൽ താഴെയുള്ള നോട്ടുകളോ ആയി വേണം വിതരണം നടത്തേണ്ടത്. ഗ്രാമീണ മേഖലയിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കറൻസി ലഭ്യത തൃപ്തികരമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നിർദേശം.

കറൻസി വിതരണത്തിൽ ഗ്രാമീണ മേഖലയിലെ എടിഎമ്മുകൾ, പോസ്‌റ്റോഫീസുകൾ, റൂറൽ ബാങ്കുകൾ തുടങ്ങിയവയ്ക്ക് മുൻഗണന നൽകണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കറൻസി വിതരണം കാര്യക്ഷമമാക്കാൻ കറന്റ് – സേവിംഗ്‌സ് അക്കൗണ്ടുകളിലെ ഇടപാടുകൾ ജില്ലാതലത്തിൽ വിലയിരുത്തണം. 500 രൂപയോ അതിൽ താഴെയോ ഉള്ള നോട്ടുകളുടെ വിതരണം, നാണയങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ കറൻസി ചെസ്റ്റുകളുള്ള ബാങ്കുകൾ ഉറപ്പുവരുത്തണമെന്നും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.