സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്

Posted on: June 14, 2023

തിരുവനന്തപുരം : സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ് കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയാറാക്കുന്നതിനുള്ള ചുമതല.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമേ സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂര്‍ പാക്കെജുകള്‍,അംഗീകൃത വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേകള്‍, വനിതാ ടൂര്‍ ഗൈഡുമാര്‍, ക്യാമ്പിംഗ്റ്റുകള്‍, കാരവനുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി വനിതാ യാത്രികര്‍ക്ക് സഹായകമാകുന്നഎല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും.

ലോകമാകമാനം സ്ത്രീ കൂട്ടായ്മകളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള വിനോദസഞ്ചാരം വര്‍ധിച്ചുവരുന്ന കാലത്ത് കേരളത്തിന്റെ ടൂറിസം മേഖലയെ കൂടി അതിന് അനുസൃതമായി മാറ്റുന്നതിനു വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ വനിതാ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സഹായകമാകുന്ന രീതിയിലേക്ക് ടൂറിസം ആപ്പ് മാറ്റുമെന്നും മന്ത്രി പറഞ്ഞു.