ലോക വിനോദസഞ്ചാര ദിനത്തില്‍ വേറിട്ട പദ്ധതികളുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്

Posted on: September 26, 2022

തിരുവനന്തപുരം: ലോക വിനോദസഞ്ചാര ദിനത്തില്‍ വേറിട്ട പദ്ധതികളുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തുകയാണ് ഇത്തവണത്തെ വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി വകുപ്പ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്.

വിനോദ സഞ്ചാര വകുപ്പിനെ കൂടാതെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളും സംസ്ഥാനത്തെ ടൂറിസം ക്ലബുകളും സംയുക്തമായാണ് ശുചീകരണം നടപ്പാക്കുക. പരമാവധി കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനെജ് മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്താന്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോക വിനോദ സഞ്ചാര ദിനമായ നാളെ രാവിലെ 9 ന് തിരുവനന്തപുരം ശംഖുമുഖത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

മന്ത്രി ആന്റണി രാജു അധ്യക്ഷനാവും. ശശിതരൂര്‍ എംപി പങ്കെടുക്കും. ജില്ലകളില്‍ പ്രധാന ടൂറിസം കേന്ദ്രത്തില്‍ ജില്ലാതല ഉദ്ഘാടനം നടക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങി മുഴുവന്‍ ജനപ്രതിനിധികളും ജില്ലാ കലക്റ്റര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമാകും. ടൂറിസം ക്ലബുകളുടെ നേതൃത്വത്തില്‍ മറ്റുകേന്ദ്രങ്ങളില്‍ ശുചീകരണം നടക്കും. ടൂറിസം ക്ലബുകളുടെ പ്രവര്‍ത്തനം സജീവമാക്കലും പരിപാടിയുടെ ലക്ഷ്യമാണ്.

 

TAGS: Kerala Tourism |