പ്രാദേശിക സഞ്ചാരികളിലേക്കിറങ്ങിച്ചെല്ലാന്‍ കേരള ട്രാവല്‍ മാര്‍ട്ട്

Posted on: April 14, 2022

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ടില്‍ ഇക്കുറി പ്രാദേശിക സഞ്ചാരികള്‍ക്കായി ഏറെ ആകര്‍ഷണങ്ങള്‍ ഉണ്ടാകും. സംസ്ഥാനത്തിനകത്തെ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ കെടിഎം തീരുമാനിച്ചത്.

കേരളം മുന്നോട്ടു വയ്ക്കുന്ന ഗുണമേന്മയുള്ള ടൂറിസം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്ന സഞ്ചാരികളേക്കാള്‍ കൂടുതല്‍ പ്രാദേശിക സഞ്ചാരികളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കെടിഎം വിലയിരുത്തുന്നു. അതിനാല്‍ തന്നെ പ്രാദേശിക സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുതിയ നയവും തീരുമാനങ്ങളും കെടിഎം ഇക്കുറി മുന്നോട്ടു വയ്ക്കും.

വിദേശത്തു നിന്നോ ഇന്ത്യയുടെ മറ്റേതെങ്കിലും സംസ്ഥാനത്തു നിന്നോ വരുന്ന ടൂറിസ്റ്റുകള്‍ക്ക് സമാനമായ പ്രാധാന്യമാണ് പ്രദേശവാദികളായ ടൂറിസ്റ്റുകള്‍ക്കും നല്‍കുതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ശ്രീ ബേബി മാത്യൂ ചൂണ്ടിക്കാട്ടി. ഏതു ബജറ്റിലുമുള്ള ടൂറിസം ഉത്പന്നങ്ങള്‍ സ്വീകരിക്കാനുമുള്ള സാമ്പത്തികശേഷിയുള്ള സഞ്ചാരികള്‍ കേരളത്തിലുണ്ട്. വാരാന്ത്യ ടൂറിസത്തിന് ഇന്ന് സാധ്യതകള്‍ ഏറെയാണ്.

യുവാക്കളായ ടൂറിസ്റ്റുകള്‍ സാഹസികത ഏറെ ഇഷ്ടപ്പെടുന്നു. ഐടി മേഖലയിലെ ജീവനക്കാര്‍ സഞ്ചാരത്തില്‍ ഏറെ താത്പര്യം കാണിക്കുന്നത് ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതകള്‍ നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശികമായ ടൂറിസം വികസനത്തിനും കേരളത്തിനകത്തുള്ള സഞ്ചാരികള്‍ ഏറെ സഹായിക്കുമെന്ന് കെടിഎം സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ശ്രീ ജോസ് ഡോമനിക് ചൂണ്ടിക്കാട്ടി. ഓട്ടോ-ടാക്സി തൊഴിലാളികള്‍, കച്ചവട സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ഇവരുടെ വരവ് ഏറെ ഗുണം ചെയ്യും. ടൂറിസം മേഖലയില്‍ വികേന്ദ്രീകൃതമായ വികസനം ഉണ്ടാകാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിനകത്തെ ടൂറിസം ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ആകര്‍ഷകമായ പദ്ധതികള്‍ കെടിഎമ്മില്‍ പ്രഖ്യാപിക്കും. മേയ് അഞ്ചിന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തിലാണ് ഉദ്ഘാടന ചടങ്ങ്. ആറിനും ഏഴിനും വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ബിസിനസ് മീറ്റും, എട്ടിന് ഉച്ചക്ക് ഒരു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനവും ഉണ്ടായിരിക്കുന്നതാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ബയര്‍മാര്‍, സെല്ലര്‍മാര്‍, നയകര്‍ത്താക്കള്‍ എന്നിവരടക്കം 2000 ത്തിലധികം പേരാണ് കെടിഎമ്മില്‍ പങ്കെടുക്കുന്നത്.