‘ഓണം ഇന്‍ എ നൈറ്റി’ പ്രകാശനം ചെയ്തു

Posted on: March 25, 2022

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളേയും ജനജീവിതത്തേയും അനാവരണം ചെയ്ത് ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ പ്രശസ്ത മാധ്യമപ്രവര്‍ത്തക അഞ്ജന മേനോന്‍ രചിച്ച പുസ്തകം ‘ഓണം ഇന്‍ എ നൈറ്റി’ കേരള ടൂറിസത്തിന്റെ സഹകരണത്തോടെ പുറത്തിറക്കി. വിവിധ പദ്ധതികളിലൂടെ ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കേരളത്തിന്റെ പുതിയ പ്രചാരണ ദൗത്യങ്ങളുടെ ഭാഗമായാണ് അക്ഷരങ്ങളുടെ ലോകത്തേയ്ക്കുള്ള ഈ ചുവടുവയ്പ്പ്.

പ്രമുഖ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. മഹാമാരിക്കാലത്തെ മലയാളികളുടെ പ്രതീക്ഷയേയും അതിജീവനത്തേയും മാനവികതയേയും ആഘോഷിക്കുന്ന പുസ്തകം സാധാരണക്കാരുടെ ജീവിതത്തെ അസാധാരണവും ആധികാരികവുമായി ടൂറിസം കാഴ്ചപ്പാടിലാണ് അനാവരണം ചെയ്തിരിക്കുന്നത്.

കേരളത്തിലെ ക്വാറന്റീന്‍കാലത്തെ കഥകളായ ‘ഓണം ഇന്‍ എ നൈറ്റി’ സാഹിത്യകാരന്‍മാരുടേയും പ്രമുഖരുടേയും സാന്നിദ്ധ്യത്തില്‍ ന്യൂഡല്‍ഹിയിലെ ഒബറോയ് ഹോട്ടിലില്‍വച്ച് പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരനും പാര്‍ലമെന്റ് അംഗവുമായ ഡോ. ശശി തരൂരും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും ചേര്‍ന്ന് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ സാധാരണക്കാരുടെ നൈസര്‍ഗ്ഗിക ജീവിത ശൈലിയാണ് കേരള ടൂറിസത്തിന്റെ പ്രമേയമെന്നും ഇത് പ്രദര്‍ശനമല്ലെന്നും കേരള ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വേണു വി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണം എന്ന ആശയമല്ല, പകരം ചെറുപട്ടണങ്ങളിലെ സാധാരണ ജനങ്ങള്‍, അവരുടെ മാനവികമൂല്യങ്ങള്‍, ഒപ്പം പോരായ്മകളേയുമാണ് പുസ്തകം പങ്കുവയ്ക്കുന്നത്. വകുപ്പിനെ സംബന്ധിച്ചിടത്തോളം നാം ചെയ്യുന്ന കാര്യങ്ങളില്‍ തിളങ്ങുക എന്ന സമീപനമാണ് പിന്തുടരുന്നത്. ഇത്തരം സമീപനത്തിന് പ്രാമുഖ്യം നല്‍കുന്ന പുസ്തകമായതിനാലാണ് ഈ പുസ്തകത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ജനജീവിതത്തിലേക്ക് അതിക്രമിച്ചുകടക്കാതെ പരിഹാസമോ, വിധിനിര്‍ണയമോ കൂടാതെയുള്ള ആഴത്തിലുള്ള നിരീക്ഷണമാണ് എഴുത്തുകാരിയുടേതെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു. മനുഷ്യമനസ്സിനേയും പെരുമാറ്റത്തേയും കുറിച്ചുളള ഉള്‍ക്കാഴ്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകാശനത്തെ തുടര്‍ന്ന് പുസ്തക വായനയും അഞ്ജന മോനോനും ദ പ്രിന്റ് കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ജ്യോതി മല്‍ഹോത്രയുമായുള്ള ചര്‍ച്ചയും നടന്നു.