അഹമ്മദാബാദ് ട്രാവല്‍ ആന്റ് ടൂറിസം മേളയില്‍ ശ്രദ്ധേയമായി കേരള പവലിയന്‍

Posted on: September 30, 2021

തിരുവനന്തപുരം : കേരളത്തിലെ കോവിഡാനന്തര ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് അഹമ്മദാബാദ് ട്രാവല്‍ ആന്റ് ടൂറിസം മേളയിലെ മുഖ്യ ആകര്‍ഷണമായി കേരള പവലിയന്‍. കേരള ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ പരിചയപ്പെടുത്തുകയും ടൂറിസം കേന്ദ്രങ്ങള്‍ സുരക്ഷിതവും ശുചിത്വവുമുള്ളതാക്കി കോവിഡാനന്തര ടൂറിസത്തിന് സംസ്ഥാനം സജ്ജമായെന്ന് വിളംബരം ചെയ്യുന്നതാണ് പവലിയന്‍.

കേരളത്തിലെ 14 ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടലുടമകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ‘എ ചേഞ്ച് ഓഫ് എയര്‍’ എന്നതാണ് കേരള ടൂറിസത്തിന്റെ പ്രമേയം. കോവിഡ് പ്രതിസന്ധിക്കു ശേഷം വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ കേരളം സജ്ജമായിരിക്കുന്നു എന്ന സന്ദേശം ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നു. അഹമ്മദാബാദിലെ ദി ഫോറം സെലിബ്രേഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയില്‍ 120 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതാണ് കേരള പവലിയന്‍.

ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ടൂറിസം വ്യാപാര മേളയായ അഹമ്മദാബാദ് ട്രാവല്‍ ആന്റ് ടൂറിസം മേള രാജ്യത്തെ ടൂറിസം വ്യവസായത്തിന്റെ ശക്തമായ മാര്‍ക്കറ്റിംഗ്, നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ് ഫോം ആണ്. സെപ്റ്റംബര്‍ 25 ന് വ്യാപാര മേള സമാപിക്കും.

കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ട്രാവല്‍ ആന്റ് ടൂറിസം മേളയായ അഹമ്മദാബാദ് ട്രാവല്‍ ആന്റ് ടൂറിസം ഫെയര്‍ കേരള ടൂറിസത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പറഞ്ഞു. കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളില്‍ വലിയൊരു പങ്ക് ഗുജറാത്തില്‍ നിന്നുള്ളവരാണ്. കോവിഡാനന്തരം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് സജീവമാക്കുന്നതില്‍ മേള നിര്‍ണായകമാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 29 ന് മുംബൈ വെര്‍ളി നെഹ്‌റു സെന്ററില്‍ ആരംഭിക്കുന്ന ട്രാവല്‍ ആന്റ് ടൂറിസം മേളയിലും കേരള ടൂറിസം പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും നടപ്പിലാക്കിയ ബയോ ബബിള്‍ മാതൃകയിലൂടെ ആഭ്യന്തര വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കി കേരളത്തിലെ കോവിഡാനന്തര ടൂറിസം മേഖല സജീവമായിക്കഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള യജ്ഞം സംസ്ഥാനം നടത്തിയിരുന്നു.

കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും പരിഗണിച്ച് കേരളം പ്രഖ്യാപിച്ച സമഗ്ര കാരവന്‍ ടൂറിസം നയം സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു.

കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് കേരള ടൂറിസം പുറത്തിറക്കിയിട്ടുണ്ട്. ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തുമെന്നതിനൊപ്പം കേരളത്തിലെ ഇതുവരെ അറിയപ്പെടാത്ത ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ലഭിക്കും.

കേരളത്തിലെ കോവിഡാന്തര ടൂറിസം സുരക്ഷിതമാണെന്ന് വിളിച്ചോതി 1200 ആഭ്യന്തര വിനോദസഞ്ചാരികളടങ്ങുന്ന ആഡംബര കപ്പല്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ എത്തിയത്. കൊച്ചി നഗരത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് കപ്പലില്‍ ഉണ്ടായിരുന്ന മുന്നൂറോളം പേര്‍ മടങ്ങിയത്.

TAGS: Kerala Tourism |