കേരള ടൂറിസത്തിന്റെ ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ രജിസ്‌ട്രേഷന് നല്ല പ്രതികരണം

Posted on: August 18, 2021

തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരയിനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികളില്‍ നിന്നും രജിസ്‌ട്രേഷന്‍ എത്തിത്തുടങ്ങി.

കൊവിഡ് മഹാമാരി മൂലം ഓണാഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കേണ്ടി വന്നതിനാലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി കേരള ടൂറിസം ഓണ്‍ലൈന്‍ പൂക്കള മത്സരം സംഘടിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാകാരന്‍മാര്‍ക്കായി പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 15 മിനിറ്റ് വീഡിയോ പരിപാടി ടൂറിസം വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഇത് വിവിധ ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി സംപ്രേക്ഷണം ചെയ്യും.

കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താന്‍ പറ്റാത്ത പ്രവാസിമലയാളികള്‍ക്കും, സാമൂഹ്യമായ ഒത്തുചേരല്‍ നഷ്ടമായ നാട്ടിലുള്ളവര്‍ക്കും ഓണ്‍ലൈനിലൂടെ ഒരുമിച്ച് പങ്കെടുക്കാനുള്ള പൊതുവേദിയാണ് പൂക്കളമത്സരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഐക്യത്തിന്റെയും ഒരുമയുടെയും ആഘോഷമായ ഓണത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ ഈ പ്രമേയത്തിലൂടെ സാധിക്കും. വിദേശമലയാളികള്‍ സാധാരണ അവിടങ്ങളിലെ മലയാളി കൂട്ടായ്മകള്‍ വഴിയാണ് ഓണമാഘോഷിക്കുന്നത്. എന്നാല്‍ ഇക്കുറി പ്രവാസിയെന്നോ നാട്ടുകാരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒന്നിച്ച് ഓണമാഘോഷിക്കാനുള്ള അവസരമാണ് ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കള’മെന്ന ഈ പരിപാടിയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നോര്‍ക്ക റൂട്ട്‌സ് മുന്‍കയ്യെടുത്ത് ലോക കേരള സഭയുടെ പ്രതിനിധികള്‍ ഓണ്‍ലൈനായി യോഗം ചേരുകയും ലോകത്തെമ്പാടുമുള്ള മലയാളികളോടും സംഘടനകളോടും ഈ മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

പ്രായഭേദമന്യേ, വ്യക്തികള്‍ക്കോ, കുടുംബത്തിനോ, സംഘടനകള്‍ക്കോ, കൂട്ടായ്മകള്‍ക്കോ ഈ മത്സരങ്ങളില്‍ പങ്കെടുക്കാം. യാതൊരു വിധത്തിലുള്ള പ്രവേശനഫീസും ഇതിനായി ഈടാക്കുന്നില്ല. www.keralatourism.org/contest/pookkalam2021 എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 23 അര്‍ധരാത്രിവരെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന തിരിച്ചറിയല്‍ സംഖ്യ പൂക്കളത്തിന്റെ താഴെ തറയില്‍ രേഖപ്പെടുത്തണം. തിരിച്ചറിയല്‍ അക്കത്തോടു കൂടിയുള്ള പൂക്കളത്തിന്റെ ചിത്രം, പൂക്കളം തയ്യാറാക്കിയ വ്യക്തിയുടെ, കുടുംബത്തിന്റെ, സ്ഥാപനത്തിന്റെ, സംഘടനയുടെ പൂക്കളത്തോടൊപ്പമുള്ള ചിത്രം എന്നിവയാണ് അപ് ലോഡ് ചെയ്യേണ്ടത്. പൂക്കളത്തെക്കുറിച്ചുള്ള ലഘുവിവരണവും സമര്‍പ്പിക്കണം. ഒരു എംബിയ്ക്കും 5 എംബിയ്ക്കും ഇടയില്‍ വലുപ്പത്തിലുള്ള ചിത്രങ്ങള്‍ മാത്രമേ മത്സരത്തില്‍ സ്വീകരിക്കുകയുള്ളൂ.

ടൂറിസം വകുപ്പിന്റെ വിധികര്‍ത്താക്കള്‍ പ്രാഥമിക പരിശോധന നടത്തിയതിനു ശേഷം മികച്ച 100 പൂക്കളങ്ങള്‍ തെരഞ്ഞെടുക്കും. ഈ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കുന്നതിന് ടൂറിസം വകുപ്പിന് അധികാരമുണ്ടാകും.

കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്കായി രണ്ട് വിഭാഗത്തിലാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. വ്യക്തിഗത വിഭാഗം, സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നീ വിഭാഗങ്ങളിലായി ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളാണ് നിര്‍ണയിക്കുന്നത്. ഇതു കൂടാതെ 10 സമാശ്വാസ സമ്മാനങ്ങളുമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്കെല്ലാം പ്രത്യേക ഓണ സമ്മാനങ്ങളും നല്‍കുന്നുണ്ട്. പങ്കെടുത്തവര്‍ക്കെല്ലാം വെബ്‌സൈറ്റിലൂടെ സാക്ഷ്യപത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യാം.

പ്രാദേശിക കലാകാരന്‍മാര്‍ അതത് പ്രദേശങ്ങളില്‍ നിന്നുള്ള തനത് കലാരൂപങ്ങളാണ് ടൂറിസം വകുപ്പിനായി തയ്യാറാക്കുന്നത്. പ്രധാനപ്പെട്ട ദൃശ്യ-അച്ചടി മാധ്യമങ്ങള്‍, വാര്‍ത്താ ചാനലുകള്‍, എഫ്എം റേഡിയോ എന്നിവയിലൂടെ ഈ വീഡിയോകളും പരിപാടികളും സംപ്രേക്ഷണം ചെയ്യാനാണ് ഉദ്ദേശ്യം. ഇവയ്ക്ക് പുറമെ ടൂറിസം വകുപ്പിന്റെ യുട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമ പേജുകളിലൂടെയും ഈ വിഡിയോകള്‍ പങ്ക് വയ്ക്കാനുള്ള അവസരവുമുണ്ടാകും.

TAGS: Kerala Tourism |