വയനാട്ടിലെ വൈത്തിരി സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുന്ന ആദ്യ ടൂറിസം കേന്ദ്രം

Posted on: July 30, 2021

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷിത ഇടങ്ങളാക്കി മാറ്റുന്നതിനായി കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം ഊര്‍ജ്ജിതമാക്കി കേരളം. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കി വയനാട് ജില്ലയിലെ വൈത്തിരി സമ്പൂര്‍ണ വാക്‌സിനേഷന്‍ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം കേന്ദ്രമായി മാറി.

പകര്‍ച്ചവ്യാധിയുടെ തീവ്രത കുറയുന്നതോടെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ കേരളം തയ്യാറാകും. മലയോര, കായല്‍ ടൂറിസം കേന്ദ്രങ്ങള്‍, കടല്‍ത്തീര അവധിക്കാല ഇടങ്ങള്‍, പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയടക്കം സംസ്ഥാനത്തെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കിയായിരിക്കും സന്ദര്‍ശകരെ വരവേല്‍ക്കുക.

സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുന്നതിന് മുന്‍കൈയെടുക്കുമെന്ന് കേരള ടൂറിസം മന്ത്രി ശ്രീ. പി. എ മുഹമ്മദ് റിയാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലും കോഴിക്കോട് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുമുള്ള മലയോര പരിസ്ഥിതി ടൂറിസം കേന്ദ്രമായ വൈത്തിരിയില്‍ ജൂലൈ 13 മുതല്‍ 17 വരെ നടത്തിയ വാക്‌സിനേഷന്‍ യജ്ഞത്തിലാണ് മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയത്.

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ദക്ഷിണേന്ത്യയില്‍ സഞ്ചാരികളുടെ പ്രധാന ടൂറിസം ആകര്‍ഷണമാണ്. വനങ്ങളും മലകളും വെള്ളച്ചാട്ടങ്ങളുമടങ്ങുന്ന പ്രകൃതിസൗന്ദര്യം തേടിയാണ് സഞ്ചാരികള്‍ വയനാട്ടിലെത്തുന്നത്.

കോവിഡിനു ശേഷം ടൂറിസം മേഖല സജീവമാകുമ്പോള്‍ സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടാനാണ് സഞ്ചാരികള്‍ ശ്രദ്ധിക്കുകയെന്നും അവരുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലെയും ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് -19 വാക്‌സിന്‍ നല്‍കുന്നത് വളരെ പ്രധാനമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതിമനോഹരമായ പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ട വയനാടിന് ധാരാളം ടൂറിസം സാധ്യതയുണ്ട്. സാഹസിക വിനോദസഞ്ചാരം ഉള്‍പ്പെടെ നടപ്പാക്കി ഈ പ്രദേശം വികസിപ്പിക്കാന്‍ വലിയ പദ്ധതികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധ കുത്തിവയ്പ് കാമ്പയിന്‍ ഒരു വലിയ ലക്ഷ്യമെന്ന നിലയില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ടൂറിസം) ഡോ. വി. വേണു ഐ.എ.എസ് പറഞ്ഞു. ടൂറിസം വകുപ്പിനൊപ്പം വ്യവസായ സ്ഥാപനങ്ങളും ജീവനക്കാരുടെ കൂട്ടായ്മകളും പ്രാദേശിക സമൂഹങ്ങളും അതിന്റെ വിജയത്തിനായി സജീവ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ കോവിഡാനന്തര ഘട്ടത്തില്‍ വിനോദസഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന സുരക്ഷിത പ്രദേശമായി കേരളത്തെ മാറ്റുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍ കൃഷ്ണ തേജ ഐഎഎസ് പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സന്ദര്‍ശകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും വാക്‌സിനേഷന്‍ യജ്ഞം. ആലപ്പുഴ, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല തുടങ്ങിയവ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളാക്കി മാറ്റും.

ടൂറിസം വകുപ്പ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ വൈത്തിരിയില്‍ നടത്തിയ വാക്‌സിനേഷന്‍ യജ്ഞത്തില്‍ 5395 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെയും സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാണ് വാക്‌സിനേഷന്‍ യജ്ഞത്തിന് നേതൃത്വം നല്‍കിയത്.