ഫോര്‍ട്ട് കൊച്ചി ടൂറിസം വികസനത്തിന് പദ്ധതി തയ്യാറാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

Posted on: June 15, 2021

കൊച്ചി : സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോര്‍ട്ട് കൊച്ചിയെ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടന്‍ ഇതിനാവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ഫോര്‍ട്ട് കൊച്ചി സൗത്ത് ബീച്ച് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടലാക്രമണം മൂലം നാശനഷ്ടം സംഭവിച്ച സൗത്ത് ബീച്ച് മന്ത്രി സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍പദ്ധതി തയ്യാറാക്കും. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച ഫ്‌ളോട്ടിംഗ് കൂത്തമ്പലം, ടോയ്‌ലറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും മന്ത്രി ചര്‍ച്ച ചെയ്തു.

ടൂറിസം മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സഹായകരമാകുന്ന നിരവധി ടൂറിസം കേന്ദ്രങ്ങളുള്ള ജില്ലയാണ് എറണാകുളമെന്ന് ജില്ലയിലെ മലയോര മേഖലയിലെ റോഡുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പട്ടിമറ്റം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ പെട്ടെന്ന് സജീവമാക്കാനുള്ള പരിപാടികള്‍ നടപ്പാക്കും. കടമ്പ്രയാര്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ വിജയകരമായി മുന്നേറുകയാണ്. ഗൈഡ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വാകസിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കും.

പ്രധാന വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിലും ടൂറിസത്തിന് വലിയ സാധ്യതയുണ്ട്. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള യാത്രാ നിയന്ത്രണം നീങ്ങുന്നതോടെ അവരെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ സജീവമാകും. ഈ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് പ്രധാനമാണ്. ഇതിനായുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ടെന്ന് ശ്രീ മുഹമ്മദ് റിയാസ് വ്യക്തമാക്കി.