വിനോദയാത്രാരംഗത്ത് ഉണര്‍വ് : കൊച്ചിയ്ക്ക് പ്രിയമേറി

Posted on: February 23, 2021

മഹാമാരിയെ തുടര്‍ന്നുള്ള അടച്ചുപൂട്ടലും സാമൂഹ്യ വിദൂരമാനദണ്ഡങ്ങളും മൂലം അടക്കിവച്ച, യാത്രാ മോഹങ്ങളുടെ കെട്ടഴിച്ച് ‘റിവഞ്ച് ട്രാവല്‍’ എന്ന സങ്കല്പവുമായി വിനോദ യാത്രികര്‍, ടൂറിസം മേഖലയില്‍ തിരികെയെത്തി. ഓണ്‍ലൈന്‍ ട്രാഫിക്, കോവിഡ് -19 നു മുമ്പുള്ള ഘട്ടത്തിലേയ്ക്ക് കുതിക്കാന്‍ തുടങ്ങി. 70 ശതമാനമാണ് വര്‍ധന.

വിമാനയാത്ര, റോഡ് ട്രിപ്പുകള്‍, സ്റ്റേകേഷന്‍ തുടങ്ങി ആഭ്യന്തര ഹൃസ്വദൂര ലക്ഷ്യങ്ങളിലാണ് റിവഞ്ച് ട്രാവല്‍ പ്രകടമായത്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. വാരാന്ത്യങ്ങളില്‍ ഇത് കൂടുതല്‍ പ്രകടവുമായി.

വാലന്റൈന്‍സ് ഡേ വാരത്തില്‍, മുന്‍നിര ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോ ഹോട്ടലുകളില്‍ 20 ശതമാനം വരെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. ദമ്പതികള്‍, കുടുംബം, ചങ്ങാതി കൂട്ടങ്ങള്‍, ചെറുകിട- ഇടത്തരം സംരംഭകരുടെ കൂട്ടായ്മ എന്നിവര്‍ വീണ്ടും യാത്രയ്ക്കെത്തി. രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചതായി ഇത് സൂചിപ്പിക്കുന്നു.

വാലന്റൈന്‍സ് ദിനത്തില്‍ യാത്രക്കാരുടെ ‘പ്രഥമ ചോയ്സ്’ രാജസ്ഥാന്‍ ആയിരുന്നു. 20 ശതമാനം യാത്രക്കാരും രാജസ്ഥാനിലേയ്ക്കാണ് പോയത്. കൊച്ചിയും ഗോവയുമാണ് രണ്ടാം സ്ഥാനത്ത്.

മികച്ച 10 ഒഴിവുകാല സ്ഥലങ്ങളില്‍ കൊച്ചിക്കാണ് പ്രിയം. ജയ്പൂരും, ഗോവയും പുരിയും, വിശാഖപട്ടണവും വാരാണസിയും, ആഗ്രയും, പോണ്ടിച്ചേരിയും, ഊട്ടിയും നൈനിറ്റാളും എന്നീ ഇതില്‍പ്പെടുന്നു.

ഹില്‍സ്റ്റേഷനുകളിലേയ്ക്ക് വാലന്റൈന്‍ വാരത്തില്‍ 12 ശതമാനം പേരാണ് യാത്ര ചെയ്തത്. ഊട്ടി, ലോണാവാല, മുസ്സൂറി, കൂര്‍ഗ് എന്നീ ഹില്‍സ്റ്റേഷനുകളാണ് ഇതില്‍ മുന്നില്‍.

ക്ഷേത്രനഗരങ്ങളായ വാരണാസി, തിരുപ്പതി, ഷിര്‍ദ്ദി, അമൃത് സര്‍, ഹരിദ്വാര്‍ എന്നിവ യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനവാണ് കാണിച്ചത്. ഒയോയ്ക്ക് ഫെബ്രുവരി 12-14 വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ ബുക്കിംഗ് ലഭിച്ചത് ഡല്‍ഹി, കൊല്‍ക്കത്ത, ഗോവ എന്നീ നഗരങ്ങളിലാണ്.

 

TAGS: OYO |