ബ്രേക്ക് ദി ചെയിനിൽ അണിചേർന്ന് ടൂർഫെഡ്

Posted on: June 26, 2020

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച ബ്രേക്ക് ദി ചെയിൻ കാമ്പെയിനിൽ ടൂർഫെഡും പങ്കാളിയാകുന്നു. ‘യൂസ് മീ ബിഫോർ ബെൽ’ എന്ന സന്ദേശത്തോടെ സാനിട്ടൈസർ യൂണിറ്റുകൾ വീടുകളിലും സ്ഥാപനങ്ങളിലും മിതമായ നിരക്കിൽ ടൂർഫെഡ് സ്ഥാപിക്കും. പദ്ധതിയുടെ ഉദ്ഘാടനം ആദ്യ യൂണിറ്റ് ഏറ്റുവാങ്ങി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കോൺടാക്ട് പോയിന്റ് ആണ് കോളിംഗ് ബെല്ലിന്റെ സ്വിച്ച്. കൈകൾ അണുവിമുക്തമാക്കാതെ ബെൽ സ്വിച്ച് ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കാൻ സാധ്യതയുള്ളത് കൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് ടൂർഫെഡ് അറിയിച്ചു. പ്രധാന കവാടത്തിന് സമീപം സ്ഥാപിക്കുന്നതുകൊണ്ട് മനോഹരമായ ഡിസൈനിൽ ആണ് യൂണിറ്റ് നിർമിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ടൂർഫെഡ് ചെയർമാൻ സി അജയകുമാർ, എംഡി ഷാജി മാധവൻ എന്നിവർ പങ്കെടുത്തു.