ക്വാറന്റീൻ അടിപൊളിയാക്കാൻ ഹാറ്റ്‌സ്

Posted on: May 19, 2020

കണ്ണൂർ : ക്വാറന്റീൻ കാലം വിരസമാകാതിരിക്കാൻ പദ്ധതികളുമായി ഹോംസ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്‌സ്). പ്രവാസികൾക്ക് പ്രകൃതിരമണീയമായ ഇടങ്ങളിൽ ഏഴുമുതൽ പതിനാലുദിവസം വരെയുള്ള പാക്കേജുകളുണ്ട്. ഹാറ്റസിന്റെ കണ്ണൂർ യൂണിറ്റാണ് മാതൃകാ പദ്ധതി ആരംഭിച്ചത്.

കൂടുതൽ പ്രവാസികളുള്ള നാട് എന്നതിനാലാണ് കണ്ണൂരിനെ തെരഞ്ഞെടുത്തത്. സർവീസ് വില്ലകളാണ് ഇതിനുപയോഗിക്കുക. ഹോംസ്‌റ്റേകളായി രജിസ്റ്റർചെയ്ത വീടുകൾക്കും പങ്കാളികളാകാം. എന്നാൽ ക്വാറന്റീൻ ചെയ്യാനെത്തുന്നവർ താമസിക്കുന്ന വീടുകളിൽ മറ്റുള്ളവർ പാടില്ലാത്തതിനാൽ വീടുമാറി നിൽക്കാൻ സാധിക്കുന്ന ഉടമകളാണ് ഇതിന് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഹാറ്റ്‌സ് കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് ഇ. വി. ഹാരിസ് പറഞ്ഞു.

ആദികടലായി, തോട്ടട ബീച്ചുകൾ കേന്ദ്രീകരിച്ചാണിവ. ഉത്തരവാദിത്വ ടൂറിസം വഴി രജിസ്റ്റർചെയ്ത കുടുംബശ്രീ കാന്റീനുകളിൽ നിന്ന് ഇവർക്ക് ഭക്ഷണം എത്തിക്കും. സ്വന്തമായി പാചകം ചെയ്യേണ്ടവർക്ക് ആവശ്യവസ്തുക്കൾ ചെക്ക് ഇൻ സമയത്ത് നൽകും. യോഗ, കൃഷി, പൂന്തോട്ടപരിപാലനം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ആവശ്യമെങ്കിൽ നൽകും. എസി മുറികൾക്ക് 2000 മുതൽ 2500 വരെയും അല്ലാത്തവയ്ക്ക് 1250 മുതൽ 1750 രൂപ വരെയുമാണ് റേറ്റ്. താമസശേഷം ഇവരുപയോഗിച്ച എല്ലാ വസ്തുക്കളും കത്തിച്ചു കളയും.