കേരളത്തിൽ എത്തിയ 164 സ്വിസ് വിനോദസഞ്ചാരികൾ സൂറിച്ചിലേക്ക് മടങ്ങി

Posted on: April 26, 2020

കൊച്ചി : ദേശീയ ലോക്ക്ഡൗണിനെത്തുടർന്ന് കേരളത്തിൽ എത്തിയ 164 സ്വിസ് വിനോദസഞ്ചാരികൾ സൂറിച്ചിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെട്ട സ്വിസ് എയറിന്റെ പ്രത്യേക വിമാനം ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 10 മണിയോടെ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലെത്തി. കേരളത്തിൽ നിന്നുള്ള 164 സഞ്ചാരികൾക്കു പുറമെ കൊൽക്കത്തയിൽ നിന്നു 49 സഞ്ചാരികളെയും കൂട്ടിയായിരുന്നു യാത്ര.

ബംഗലുരുവിലെ സ്വിസ് കോൺസൽ ജനറൽ സെബാസ്റ്റ്യൻ ഹഗ്, തിരുവനന്തപുരത്തെ ജർമനിയുടെ ഓണററി കോൺസൽ ഡോ സെയ്ദ് ഇബ്രഹിം എന്നിവർ സംഘത്തിന്റെ യാത്രക്കു വേണ്ട നടപടികൾ പൂർത്തിയാക്കി. സഞ്ചാരികളിൽ 115 പേർ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ളവരായിരുന്നു. കൂടാതെ ജർമനി, ഓസ്ട്രിയ, ഫ്രാൻസ്, ഡെൻമാർക്ക്, നോർവെ എന്നിവിടങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.

ഏപ്രിൽ 15 ന് ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ 268 സഞ്ചാരികളെ ലണ്ടനിലേക്കും മാർച്ച് 3 1ന് എയർ ഇന്ത്യ വിമാനത്തിൽ 232 പേരെ ജർമനിയിലേക്കും അടുത്ത ദിവസങ്ങളിൽ 112 പേരെ ഫ്രാൻസിലേക്കും യാത്രയാക്കിയിരുന്നു.

ഇതോടെ കേരളത്തിൽ അകപ്പെട്ട ബഹുഭൂരിപക്ഷം സഞ്ചാരികളെയും അവരവരുടെ രാജ്യങ്ങളിലെത്തിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക്ഡൗണിനുശേഷം ഇവരുടെ താമസത്തിനും തുടർന്നുള്ള യാത്രക്കും സംസ്ഥാന സർക്കാർ നടത്തിയ ഒരുക്കങ്ങളെ മടങ്ങിപ്പോയ സഞ്ചാരികൾ അഭിനന്ദിച്ച് സന്ദേശങ്ങളയച്ചതായി അദ്ദേഹം പറഞ്ഞു.

ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വിനോദസഞ്ചാരികളെ മടക്കി അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.