കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്ക് ഫലപ്രാപ്തി : യൂറോപ്പിലെ 232 പേരെ സ്വദേശത്തേക്ക് യാത്രയാക്കി

Posted on: April 2, 2020

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുള്ള ലോക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരന്‍ മാരെ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജര്‍മന്‍ എംബസിയുടെയും ശ്രമഫലമായി പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് യാത്രയാക്കി. ഇവരിലേറെയും ജര്‍മനിയില്‍നിന്നുള്ളവരാണ്.

സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെയാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിച്ചശേഷമാണ് യൂറോപ്പിലേയ്ക്ക് യാത്രയാക്കിയത്.

വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കാന്‍ എല്ലാ ജില്ലയിലും കേരള ടൂറിസം ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ കുടുങ്ങിയ ജര്‍മ്മന്‍ പൗരന്‍ മാരെ തിരികെയെത്തിക്കാനുള്ള ജര്‍മ്മന്‍ എംബസിയുടെ പരിശ്രമത്തിന് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നല്‍കിയത്. ജര്‍മ്മന്‍കാര്‍ക്കൊപ്പം മറ്റുള്ളവര്‍ക്കും സൗകര്യമേര്‍പ്പെടുത്തുകയായിരുന്നു.

യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളിലെ പൗരന്‍ മാരെ കണ്ടെത്തി തിരുവനന്തപുരത്തെത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് ഇവരെ കണ്ടെത്തിയതില്‍ ടൂറിസം വകുപ്പിലെ ജീവനക്കാരും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിമാരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. സുരക്ഷിതമായി ഇവരെ പല സ്ഥലങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ പൊലീസും സഹായിച്ചുവെന്ന് മന്ത്രി പറഞ്ഞു.

രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള അനുമതികള്‍ നേടിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചതെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഓരോ ജില്ലയിലും പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹകരണം മികച്ചതായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടി വലിയ വാഹനങ്ങളാണ് ഏര്‍പ്പെടുത്തിയത്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും 14 ദിവസത്തോളം ക്വാറന്റീനില്‍ കഴിഞ്ഞവരുമാണ് ഈ 232 പേരുമെന്ന് ഉറപ്പ് വരുത്തി. പലരും കോവിഡ്-19 പരിശോധന ഫലം സ്വയം നടത്തിയിരുന്നുവെന്നും ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. ജര്‍മ്മനിയുടെ ബാംഗ്ലൂര്‍ കോണ്‍സുലേറ്റും തിരുവനന്തപുരത്തെ ഓണററി കോണ്‍സുലേറ്റാണ് യാത്രാരേഖയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. വിമാനം ചാര്‍ട്ടര്‍ ചെയ്തതും ഇവരുടെ ശ്രമഫലമായിട്ടാണ്.

വിവിധ ജില്ലകളില്‍ നിന്നായി യാത്ര തിരിച്ച സംഘത്തിന് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി.ബാല കിരണ്‍ പറഞ്ഞു. ലോക് ഡൗണായിരുന്നതിനാല്‍ ഇവര്‍ക്കുള്ള ആഹാരം നേരത്തെ കരുതിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തെത്തിച്ച യാത്രക്കാരെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കെടിഡിസിയുടെ വിവിധ ഹോട്ടലുകളിലാണ് താമസിപ്പിച്ചതെന്ന് കെടിഡിസി എംഡിയും കേരള ടൂറിസം അഡി. ഡയറക്ടറുമായ ശ്രീ വി.ആര്‍ കൃഷ്ണ തേജ പറഞ്ഞു. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം അടിയന്തര സാഹചര്യം മനസിലാക്കി ജോലിക്ക് ഹാജരാകാന്‍ സ്വയം സന്നദ്ധരായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രക്കാരായ വിദേശ പൗരന്‍ മാര്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും വരാതിരിക്കാന്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോവളത്തെ കെടിഡിസി സമുദ്ര ഹോട്ടലിലായിരുന്നു ആരോഗ്യവകുപ്പ് പ്രത്യേക താല്പര്യമെടുത്ത് വൈദ്യപരിശോധന നടത്തി. രോഗലക്ഷണങ്ങളും ശരീരോഷ്മാവ് അളക്കുന്ന പരിശോധനയുമാണ് നടത്തിയത്.

ജര്‍മ്മന്‍ എംബസി എയര്‍ ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് പ്രത്യേക വിമാനത്തില്‍ തിരിച്ചു പോകാനുള്ള സാഹചര്യമൊരുങ്ങിയത്. വിദേശകാര്യ വകുപ്പ്, വ്യോമയാന മന്ത്രാലയം എന്നിവയുടെ അനുമതി ലഭിച്ചതോടെ അതിഥി ദേവോ ഭവ: എന്ന ആപ്തവാക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നല്ലവണ്ണം മനസിലാക്കി ചൊവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 232 പേര്‍ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.

TAGS: Kerala Tourism |