കേരളത്തിന് ആക്‌സസിബിൾ ടൂറിസത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം

Posted on: January 23, 2020

തിരുവനന്തപുരം : കേരളത്തിന് ഭിന്നശേഷിക്കാരടക്കം എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ടൂറിസം വികസനത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ ആക്‌സസബിൾ ടൂറിസം അംഗീകാരം.

സ്‌പെയിനിലെ മാഡ്രിൽ നടക്കുന്ന ഫിതുർ അന്താരാഷ്ട്ര ടൂറിസം മേളയിൽ യുഎൻഡബ്ല്യൂടിഒ സെക്രട്ടറി ജനറൽ സുറാബ് പോളോലിക്കാഷ്വിലിയിൽ നിന്ന് കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ പുരസ്‌കാരം ഏറ്റുവാങ്ങി. ലോകത്തിലെ ടൂറിസം പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ടൂറിസം മേളകളിലൊന്നായാണ് ഫിതുറിനെ കണക്കാക്കുന്നത്. കേരളത്തിൽ നിന്ന് അഞ്ച് പ്രമുഖ ഹോട്ടലുകളും റിസോർട്ടുകളുമാണ് മേളയിൽ പങ്കെടുക്കുന്നത്.

2019 ലെ ആക്‌സസബിൾ ടൂറിസം കേന്ദ്രങ്ങൾക്കായുള്ള പുരസ്‌കാരങ്ങളിൽ വളർന്നുവരുന്ന കേന്ദ്രങ്ങൾക്കുള്ള പ്രത്യേക പരാമർശമാണ് തൃശൂർ ജില്ലയിലെ പദ്ധതികളിലൂടെ കേരളത്തിന് ലഭിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്ന സർക്കാർ നയമായ ‘ബാരിയർ ഫ്രീ സംവിധാനം’ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ലയാണ് തൃശൂർ. അഴിക്കോട് ബീച്ച്, സ്‌നേഹതീരം, വിലങ്ങൻ കുന്ന്, പൂമല, വാഴാനി എന്നിവിടങ്ങളിൽ പദ്ധതി പൂർത്തീകരിച്ചിട്ടുണ്ട്. ചാവക്കാട് ബീച്ച്, പീച്ചി, തുമ്പൂർമുഴി, എന്നീ കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി വരുന്നു.

റാമ്പുകൾ, ഭിന്നശേഷി ശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രങ്ങൾ, ബ്രയിലി ബ്രോഷർ, ദിശാസൂചികകൾ, ടച്ച് സ്‌ക്രീൻ കിയോസ്‌ക്, ഓഡിയോ സൈൻ ആപ്, വീൽചെയർ, സ്റ്റിക്കുകൾ എന്നിവ ഈ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തിന് അഭിമാനാർഹമായ നേട്ടമാണ് ഈ പുരസ്‌ക്കാരത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് 80 ടൂറിസം കേന്ദ്രങ്ങളിൽ ആക്‌സസബിൾ ടൂറിസം നടപ്പാക്കിയിട്ടുണ്ട്. ഇതിൽ എട്ടെണ്ണം തൃശൂർ ജില്ലയിലാണുള്ളത്. അന്താരാഷ്ട്ര രംഗത്ത് കേരളത്തിൻറെ വിനോദസഞ്ചാര പ്രതിഛായ ഇതിലൂടെ ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ആഗോള ടൂറിസം മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് നയങ്ങൾ നടപ്പിൽ വരുത്താനുള്ള കേരളത്തിൻറെ ഇച്ഛാശക്തിയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖലയിലെ സ്വകാര്യപങ്കാളികളുടെ സഹകരണവും ഈ നേട്ടത്തിനു പിന്നിലുണ്ടെന്ന് അവർ പറഞ്ഞു. കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക എന്നതാണ് സർക്കാരിൻറെ അടുത്ത ലക്ഷ്യമെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ പറഞ്ഞു. സംസ്ഥാനത്തിന് ലഭിച്ച പുരസ്‌ക്കാരം അതിന് പ്രചോദകമാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ 2016 ലെ പ്രമേയമനുസരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.