മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്

Posted on: November 17, 2019

തിരുവനന്തപുരം : മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്‌കാരം കേരള ടൂറിസം സ്വന്തമാക്കി. ട്രാവൽ ആൻഡ് ലീഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാഗസിന്റെ ആഭ്യന്തര വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.

ന്യൂഡൽഹി ഐടിസി മൗര്യയിൽ നടന്ന ട്രാവൽ ആൻഡ് ലീഷർ ഇന്ത്യയുടെ 2019 ലെ മികച്ച പുരസ്‌കാരവിതരണ ചടങ്ങിൽ കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ് ടി.സി. പുരസ്‌കാരം ഏറ്റുവാങ്ങി.

രാജ്യാന്തര, ആഭ്യന്തര ടൂറിസം വകുപ്പുകൾ, ഹോട്ടലുകൾ, ലക്ഷ്യസ്ഥാനങ്ങൾ, സംഘാടകർ, സേവന ദാതാക്കൾ, പുത്തൻ പ്രവണതകൾ അവലംബിക്കുന്നവർ എന്നീ മേഖലകളിലുള്ളവർ വിനോദസഞ്ചാരമേഖലയുടെ ആഗോള തലത്തിലുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ പുരസ്‌കാരങ്ങൾ സ്വീകരിച്ചു.

യുവ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുള്ള നൂതന ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന കേരളാ ടൂറിസത്തിൻറെ ബോധപൂർവ്വമായ ദൗത്യങ്ങൾക്ക് ഉണർവ്വേകുന്ന അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

TAGS: Kerala Tourism |