ടൂറിസം ലക്ഷ്യമിടുന്നത് ബ്രാൻഡ് പ്രോത്സാഹനം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Posted on: October 2, 2019

തിരുവനന്തപുരം : ലോകവിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തെ മികച്ച ലക്ഷ്യസ്ഥാനമാക്കുന്നതിനുള്ള ബ്രാൻഡിംഗിന് ആക്കംകൂട്ടുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ത്യയിലും വിദേശത്തും ഏറെ പ്രതികരണം സൃഷ്ടിച്ചുകൊണ്ടൺ് കേരള ടൂറിസം നടത്തിയ ക്ലിൻറ് സ്മാരക ഓൺലൈൻ അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം ഒരു ബ്രാൻഡായി വളർന്നുനിൽക്കുമ്പോഴാണ് സഞ്ചാരികളെ ആകർഷിക്കാനാകുന്നത്. ഇതിന് പ്രാമുഖ്യം നൽകിയാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഈ ദൗത്യത്തിന് വഴിത്തിരിവേകുന്നതാണ് ക്ലിൻറ് സ്മാരക അന്താരാഷ്ട്ര ഓൺലൈൻ പെയിൻറിംഗ് മത്സരം. 23 ഭാഷകളിൽ പ്രചാരണം നൽകിയ മത്സരത്തിൽ 133 രാജ്യങ്ങളിൽ നിന്നുള്ള 48,397 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തു. 96 രാജ്യങ്ങളിൽ നിന്ന് 38,990 രചനകൾ ലഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

വിദേശത്തു നിന്നും അബ്ദുള്ള ഹസൻ സിയാൽ (സിംബാബെ), അനസ്തസിയ സെമിനോവ (റഷ്യ), അഞ്ചലിക പെട്രോവ യോനോവ്‌സ്‌ക (ബൾഗേറിയ), റനാവകാ ആറാച്ച്ചിഗോ ഇഷേലിം നെസ്‌കയാ റനാവകാ (ശ്രീലങ്ക), സിനാലി റുവാണ്യ തുഷ്മിനി പീരിസ് ഹെരാലിയാവാലാഗ് (ശ്രീലങ്ക), ഇഷ്മാമം അഹമദ് (ബംഗ്ലാദേശ്), സെസാലി ചൗദിമാ കരിയാവാസം (ശ്രീലങ്ക), നഫീസ തബാസം ആംതേ (ബംഗ്ലാദേശ്), പെത്യ ദൊബ്രോമിറോവ ദിമിത്രോവ (ബൾഗേറിയ) തനുഷ്മി സനുല്യ ദേ സിൽവാ (ശ്രീലങ്ക) എന്നിവരാണ് യഥാക്രമം ഒന്നു മുതൽ പത്തു വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയത്. പ്രൊമോട്ടർമാരായ രൂഹിനാ ഖനാം ജിലാനി (സിംബാബ്വെ), അന്ഞ്ചു മാൻ അരാ ബീഗം (ബംഗ്ലാദേശ്), അന്നാ റോസെൻകോവ റഷ്യൻ ഫെഡറേഷൻ), ഹിംകാ ഇവാനോവ പെൻചേവാ (ബൾഗേറിയ) എന്നിവരാണ് യഥാക്രമം നാലു സമ്മാനങ്ങൾ നേടിയത്.

ഇന്ത്യയിൽനിന്ന് ആരോഹൻ ദത്ത (മഹാരാഷ്ട്ര), ധ്രുവ് ആനന്ദ് ശാസ്ത്രി (ഹൈദരാബാദ്), ഗൗതം കുമാർ (പഞ്ചാബ്), ലീന പ്രകാശ് കദം (മഹാരാഷ്ട്ര), പാർത്ഥ് ജോഷി (ഗുജറാത്ത്) എന്നിവരാണ് യഥാക്രമം അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. പ്രൊമോട്ടർമാരായ സോമനാഥ് കാശിനാഥ് കോതാലെ (മഹാരാഷ്ട്ര), പ്രതീക്ഷ പാണ്ഡേ (മധ്യപ്രദേശ്), പൂനം താക്കർ (കർണാടക), ശ്വേത പർവേശ് മേത്ത (മഹാരാഷ്ട്ര), അജയ് ദത്താരാം ചവാർ (മഹാരാഷ്ട്ര) എന്നിവർ യഥാക്രമം അഞ്ച് സ്ഥാനങ്ങൾ നേടി.

കുടുംബസമേതമുള്ള ആകർഷകമായ ടൂർ പാക്കേജ് ഉൾപ്പെടെ 110 സമ്മാനങ്ങളാണ് വിജയികൾക്ക് ലഭ്യമായത്. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ചുരുക്കപ്പട്ടികയിൽ ഇടം നേടിയ രചനകൾക്കു പ്രത്യേക സമ്മാനവും നൽകി.

സെപ്റ്റംബർ 26 ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വിജയികളെ സ്വീകരിച്ച് എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം നൽകി. കൂടാതെ കഥകളി ആസ്വദിക്കുന്നതിനും കഥകളി വേഷം അടുത്തറിയുന്നതിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വേദിയൊരുക്കുകയും ചെയ്തു.

കേവലം ഏഴുവയസ്സിനുള്ളിൽ 25,000 ചിത്രങ്ങൾ വരച്ചിട്ട കുരുന്നു പ്രതിഭയാണ് എഡ്മണ്ട് തോമസ് ക്ലിൻറ്. പരേതനായ എം.ടി. ജോസഫിൻറെയും ചിന്നമ്മ ജോസഫിൻറെയും മകനായി ജനിച്ച ക്ലിൻറിൻറെ ജീവിതകാലം 1976 മുതൽ 1983 വരെ ആയിരുന്നു. കേരളത്തിൽ ഏറ്റവും മികച്ച ചിത്രങ്ങൾ എന്ന് ക്ലിൻറിൻറെ ചിത്രങ്ങളെ വിശേഷിപ്പിക്കാറുണ്ട്.

കെടിഡിസി ചെയർമാൻ എം വിജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, ഇന്ത്യൻ അസോയിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് സീനിയർ വൈസ് പ്രസിഡൻറ് ഇഎം നജീബ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിംഗ്) ബിഎസ് ബിജു എന്നിവർ പങ്കെടുത്തു.

TAGS: Kerala Tourism |