കേരള ടൂറിസത്തിന് രണ്ട് ദേശീയ അവാർഡുകൾ

Posted on: October 1, 2019

തിരുവനന്തപുരം : കം ഔട്ട് ആൻഡ് പ്ലേ എന്ന പ്രചാരണചിത്രത്തിനുൾപ്പെടെ 2017-18 ലെ രണ്ട് ദേശീയ അവാർഡുകൾ കേരള ടൂറിസത്തിന് ലഭിച്ചു. കം ഔട്ട് ആൻഡ് പ്ലേ യ്ക്ക് മികച്ച ടൂറിസം ചിത്രത്തിനുള്ള അവാർഡും സമഗ്ര ടൂറിസം വികസനത്തിന് ഇന്ത്യയിലെ മികച്ച മൂന്നാം സംസ്ഥാനത്തിനുള്ള അവാർഡുമാണ് കേരളം നേടിയത്. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾ അഞ്ച് അവാർഡുകളും കരസ്ഥമാക്കി.

ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രനും സെക്രട്ടറി റാണി ജോർജും കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ, വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സുരഭ് പോലോലികാശ്വില്ലി എന്നിവരിൽ നിന്ന് അവാർഡുകൾ സ്വീകരിച്ചു.

ദൈനംദിന യാന്ത്രിക ജീവിതത്തിൽനിന്നുമാറി പ്രകൃതിയുമായി അലിഞ്ഞുചേരാൻ ഇന്ത്യയെ ക്ഷണിക്കുന്ന ചിത്രമാണ് കം ഔട്ട് ആൻഡ് പ്ലേ. ട്രെക്കിംഗ്, ആയൂർവേദ മസാജ്, ചങ്ങാടയാത്ര, യോഗ, സുഗന്ധ വ്യഞ്ജന തോട്ട സന്ദർശനം, കേരള വിഭവങ്ങളെ പഠിക്കൽ, തെങ്ങുകയറ്റം, ഹൗസ്‌ബോട്ട് യാത്ര എന്നിവയിലൂടെ പ്രകൃതിയെ രുചിച്ചറിയുന്നതിനുള്ള അവസരങ്ങളാണ് പ്രചാരണ ചിത്രം അനാവരണം ചെയ്യുന്നത്. കേരള ടൂറിസത്തിൻറെ പരസ്യ, വിപണന ഏജൻസിയായ സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൻറെ സമ്പദ്വ്യവസ്ഥയിൽ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയ്ക്കു ലഭിച്ച അവാർഡുകൾ വിനോദസഞ്ചാര, ആതിഥേയ മേഖലകളിലെ സുസ്ഥിര പ്രവർത്തനങ്ങളുടെ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിനോദസഞ്ചാര വിപണിയിൽ കേരളത്തിൻറെ സ്ഥാനം ഉയരുന്നതിന് ഇത് ആക്കംകൂട്ടും. സംസ്ഥാനത്തെ ടൂറിസം വളർച്ചയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യമുണ്ട്. സ്വകാര്യ പങ്കാളികൾ 2017-18 ലെ അഞ്ച് അവാർഡുകൾ കരസ്ഥമാക്കിയതിൽ പ്രത്യേക സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരള ടൂറിസത്തിൻറെ നൂതന പ്രചാരണത്തിനുള്ള മികച്ച മൂല്യനിർണയമാണ് അവാർഡുകളെന്ന് ടൂറിസം സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിനും ടൂറിസത്തിൻറെ അനന്ത സാധ്യതകൾക്ക് നൂതന മാർഗം തെളിക്കുന്നതിനും ഇത് സഹായകമാകുമെന്നും അവർ വ്യക്തമാക്കി.

ഇൻറർനാഷണൽ പിൽഗ്രിമേജ് റെവലൂഷൻ (മികച്ച ഇൻബൗണ്ട് ടൂർ ഓപ്പറേറ്റർ/ട്രാവൽ ഏജൻറ്, കാറ്റഗറി അഞ്ച് അവാർഡ്), കാലിപ്‌സോ അഡ്വഞ്ച്വേഴ്‌സ് (മികച്ച അഡ്വഞ്ച്വർ ടൂർ ഓപ്പറേറ്റർ അവാർഡ്, മൂന്നാർ കരടിപ്പാറയിലെ റോസ് ഗാർഡൻസ് ഹോംസ്റ്റേ (കേന്ദ്ര സർക്കാരിൻറെ ടൂറിസം മന്ത്രാലയത്തിൻറെ അംഗീകാരം ലഭിച്ച മികച്ച ഇൻക്രഡിബിൾ ഇന്ത്യ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്, ഗോൾഡ് & സിൽവർ വിഭാഗം), കോക്കനട്ട് ക്രീക്ക്‌സ് ഫാം & ഫാംസ്റ്റേ (സംസ്ഥാന സർക്കാർ/ കേന്ദ്ര ഭരണപ്രദേശം ഭരണം അംഗീകാരം ലഭിച്ച മികച്ച ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സ്ഥാപനം), തിരുവനന്തപുരത്തെ മണൽതീരം ആയൂർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ (മികച്ച സുഖചികിത്സാ കേന്ദ്രം) എന്നീ സ്ഥാപനങ്ങളാണ് സ്വകാര്യമേഖലയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയത്.