വ്യക്തിഗത സഞ്ചാരാനുഭവത്തിന് മിഴിവ് പകരാൻ നിർമ്മിത ബുദ്ധി അനിവാര്യം-ഐസിടിടി സമ്മേളനം

Posted on: September 27, 2019

കൊച്ചി : പരമ്പരാഗത ടൂറിസം വ്യവസായം നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക വിദ്യയിലേക്ക് മാറേണ്ട കാലമായെന്ന് കൊച്ചിയിൽ നടക്കുന്ന ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്‌നോളജി സമ്മേളനം അഭിപ്രായപ്പെട്ടു.

വ്യക്തിഗത സഞ്ചാരാനുഭവത്തിന് നിർമ്മിത ബുദ്ധി അനിവാര്യമാണെന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ട്രാവൽ റവല്യൂഷൻ എന്ന വിഷയത്തിൽ സംസാരിച്ച ലിമെൻഡോ ടെക്‌നോളജീസിൻറെ സ്ഥാപകൻ ഹാൻസ് ലോഷ് പറഞ്ഞു. അതത് ടൂറിസം മേഖലയ്ക്ക് അനുയോജ്യമായ സന്ദർശകനെ കണ്ടെത്താനും അതു വഴി കൂടുതൽ വാണിജ്യസാധ്യതകൾ രൂപപ്പെടുത്താനും നിർമ്മിത ബുദ്ധിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ നിർമ്മിത ബുദ്ധി ടൂറിസം രംഗത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് വിശ്വസിക്കരുതെന്ന് ലോഷ് പറഞ്ഞു. നിർമ്മിത ബുദ്ധിക്ക് എന്തെല്ലാം ചെയ്യാനാകും എന്തെല്ലാം ചെയ്യാനാകില്ല എന്ന് വ്യക്തമായി തിരിച്ചറിയണം. കറൻസി രഹിത വിപണിയിലേക്ക് മാറുന്ന ഇന്ത്യൻ സാഹചര്യത്തിന് നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗും ക്രിയാത്മകമായി പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോഗ്രാഫിയിൽ സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ചാണ് സമൂഹമാധ്യമ വിദഗ്ധനും ലോകപ്രശസ്ത ട്രാവൽ ഫോട്ടോഗ്രാഫറുമായ ഷേൻ ഡലാസ് സംസാരിച്ചത്. ലളിതവും മികച്ചതുമായ ഫോട്ടോകൾ എടുക്കുന്നതിലെ നുറുങ്ങുകൾ അദ്ദേഹം സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. ഓരോ ചിത്രങ്ങളും ആയിരം വാക്കുകൾ പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിരന്തരമായി ഉള്ളടക്കത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ മാത്രമേ ഓൺലൈൻ സെർച്ച് എൻജിനുകളിൽ പിടിച്ചു നിൽക്കാനാകൂ എന്ന് സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ഡിആർ ബ്രാൻഡ് കമ്പനിയുടെ സീനിയർ ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആൻഡ് ഇൻഫ്‌ളുവൻഷ്യൽ മാനേജർ ഡേവിഡ് കാറല്ലോ പറഞ്ഞു. സീക്രട്ട് ഓഫ് സെർച്ച് എൻജിൻ റാങ്കിംഗ്‌സ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ ലോകത്തിൽ എപ്പോഴും പുതിയ ഉള്ളടക്കത്തിന് പ്രാധാന്യമുണ്ട്. ആവർത്തനമുള്ള വാക്കുകളും വാചകങ്ങളും ഉപേക്ഷിക്കണം. ആവശ്യത്തിനു മാത്രം വിവരങ്ങൾ ഉൾപ്പെടുത്തുന്നതും സെർച്ച് എൻജിനുകളിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.