കേരളത്തിന്റെ ടൂറിസം ഭാവി ചൈനീസ് സഞ്ചാരികൾ

Posted on: September 27, 2019

കൊച്ചി : ചൈനീസ് വിനോദ സഞ്ചാരികളെ കേരളത്തിലെ ടൂറിസം മേഖലകളിലേക്ക് ആകർഷിക്കാൻ ക്രിയാത്മക നടപടികൾ വേണമെന്ന് കൊച്ചിയിൽ നടക്കുന്ന 3-ാമത് ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്‌നോളജി(ഐസിടിടി) സമ്മേളനം.

ചൈനീസ് സഞ്ചാരികളെ ആകർഷിക്കാൻ ചൈനീസ് സമൂഹമാധ്യമങ്ങളെയാണ് ആകർഷിക്കേണ്ടതെന്ന് സമ്മേളനത്തിൽ സംസാരിച്ച ലോക ടൂറിസം സിറ്റീസ് ഫെഡറേഷനിലെ സീനിയർ മാനേജർ റിച്ചാർഡ് മാറ്റുസെവിച്ച് പറഞ്ഞു. പല തരം വിലക്കുകൾ ഉള്ളതിനാൽ ചൈനയിൽ ആഗോള സമൂഹമാധ്യമങ്ങൾ പ്രവർത്തിക്കുന്നില്ല. അതിനാൽ ചൈനീസ് ടൂറിസം വിപണി ആഗ്രഹിക്കുന്ന കേരളത്തെ പോലുള്ള മേഖലകൾ ഇത്തരം ആപ്പുകളുമായി പരിചിതമാകണമെന്നും അദ്ദേഹം പറഞ്ഞു.

88 ശതമാനം ചൈനക്കാരും യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവരാണെന്ന് തങ്ങൾ നടത്തിയ പഠനത്തിൽ നിന്നും വെളിവാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദേശ യാത്ര നടത്തുന്ന ചൈന യാത്രികരിൽ ഭൂരിഭാഗവും ശരാശരി 35 വയസിൽ താഴെ പ്രായമുള്ളവരാണ്.

ചൈനയിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കുമ്പോൾ പ്രധാന പത്തു നഗരങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമേ വിദേശ യാത്രകൾ നടത്താനുള്ള സാമ്പത്തിക ശേഷിയുള്ളൂ. അതിൽ തന്നെ കൂടുതലും വനിതകളാണെന്ന് റിച്ചാർഡ് ചൂണ്ടിക്കാട്ടി. സ്വകാര്യ സ്വത്ത് സമ്പാദിക്കാൻ വനിതകൾക്ക് ചൈനയിൽ കൂടുതൽ അവസരമുണ്ട്. വിദ്യാഭ്യാസത്തിൻറെ കാര്യത്തിലും ചൈനീസ് വനിതകൾ മുൻ പന്തിയിലാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരിൽ 30 ശതമാനം പേരും വിദേശത്താണ് അധ്യയനം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്ന സാധനങ്ങൾ വാങ്ങുന്നതിലും ചൈന സഞ്ചാരികൾ കൂടുതൽ പ്രാധാന്യം നൽകുന്നു. ആഡംബര വസ്തുക്കൾക്ക് ചൈനയിൽ വൻ നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ സന്ദർശിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇത്തരം സാധനങ്ങൾ ചൈനക്കാർ വാങ്ങുന്നതായും പഠനത്തിൽ വ്യക്തമായിട്ടുണ്ട്.

വെയ്‌ബോ, ടിക്ടോക്, വി ചാറ്റ് തുടങ്ങിയ തനത് സമൂഹമാധ്യമ ആപ്പുകളാണ് ചൈനയിൽ ഉള്ളത്. ഇവയിലൂടെ വാണിജ്യപരമായ ഇടപെടലുകൾ നടത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. പല ആപ്പുകളിലും വാണിജ്യ ഇടപെടലുകൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ വഴി രജിസ്റ്റർ ചെയ്ത് ഇത്തരം പ്രചാരണങ്ങൾ നടത്താവുന്നതിൻറെ സാധ്യതകളും അദ്ദേഹം വിവരിച്ചു.

ആലി പേ പോലുള്ള ചൈനീസ് ഓൺലൈൻ പണമിടപാട് സംവിധാനങ്ങൾ വിൽപന ശാലകളിൽ ഏർപ്പെടുത്തണം. 2500-3500 ഡോളർ മാസവരുമാനമുളള വ്യക്തികളാണ് ചൈനീസ് യാത്രികരെന്ന് അദ്ദേഹം പറഞ്ഞു.

ചൈനീസ് ഭാഷ അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. സമൂഹമാധ്യമങ്ങൾ വഴി സ്വാധീന ശക്തിയുള്ള പ്രൊഫൈലുകൾ വഴി വേണം പ്രചാരണം നടത്താനെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌ക്കാരിക പാരമ്പര്യത്തിൽ ഉറച്ചു വിശ്വസിക്കുന്ന ചൈനീസ് സഞ്ചാരികൾക്ക് കേരളം പോലുള്ള വിപണി പ്രിയകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വിപണിയിൽ സമൂഹമാധ്യമങ്ങൾ വഴി സ്വാധീനം ചെലുത്തുന്നതിൻറെ സാധ്യതകളാണ് ദി ഊപ്പ് ഡോട് കോമിൻറെ സ്ഥാപക എല്ലി ഷെഡൻ പങ്കു വച്ചത്. സമൂഹ മാധ്യമങ്ങളിലെ സ്വാധീന വ്യക്തികളെയും അഭിപ്രായ രൂപീകരണ ശേഷിയുള്ള വ്യക്തികളെയും കണ്ടെത്തി അവരിലൂടെ വിപണിയിൽ പ്രചാരണം നടത്തുന്നതിനെക്കുറിച്ചാണ് അവർ സംസാരിച്ചത്. വിവിധ ബ്രാൻഡുകൾ ഇത്തരം പ്രചരണ രീതികൾ അവലംബിച്ചതിൻറെ ഉദാഹരണങ്ങളും അവർ പറഞ്ഞു. ബ്രാൻഡിനപ്പുറത്തേക്ക് ടൂറിസം മേഖലയുടെ പരസ്യത്തിനായി ഏറ്റവും പ്രധാനപ്പെട്ട പ്രചരണമാർഗമാണിതെന്നും ഷെഡൻ അഭിപ്രായപ്പെട്ടു.

സംസ്ഥാന ടൂറിസം വകുപ്പിൻറെ സഹകരണത്തോടെ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയി)യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം ഇന്ന് സമാപിക്കും.