പ്ലാസ്റ്റിക്-മാലിന്യ വിമുക്ത ടൂറിസം കേന്ദ്രങ്ങൾ: പദ്ധതി ഉദ്ഘാടനം ബുധനാഴ്ച

Posted on: July 23, 2019

തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഹരിത പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്തവും മാലിന്യരഹിതവുമായ ടൂറിസം കേന്ദ്രങ്ങൾ എന്ന സംസ്ഥാന സർക്കാരിൻറെ പ്രഖ്യാപിത പദ്ധതിയുടെ ഉദ്ഘാടനവും ദ്വിദിന ശിൽപശാലയും ബുധനാഴ്ച നടക്കും. ഉത്തരവാദിത്ത ടൂറിസം മിഷൻറെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കേരള ട്രാവൽ മാർട്ടിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ചൈത്രം ഹോട്ടലിൽ രാവിലെ 11 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വിഎസ് ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ പി.ബാല കിരൺ പദ്ധതി അവതരിപ്പിക്കും. സ്‌പെസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസ് മാനേജിംഗ് പാർട്ണർ ജോബിൻ ജെ അക്കരക്കളം പദ്ധതിയുടെ ധാരണാപത്രം മന്ത്രിക്ക് കൈമാറും. സെക്രട്ടറി റാണി ജോർജ്, കെടിഡിസി എംഡി ആർ രാഹുൽ, കെടിഎം പ്രസിഡൻറ് ബേബി മാത്യു സോമതീരം, ടൂറിസം ഉപദേശക സമിതി അംഗങ്ങളായ ഇഎം നജീബ്, ജോസ് ഡൊമിനിക്, രവിശങ്കർ കെവി, വി ശിവദത്തൻ, കെടിഎം മാനേജിംഗ് ട്രസ്റ്റി എബ്രഹാം ജോർജ്, ട്രഷറർ ജോസ് മാത്യു, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓർഡിനേറ്റർ കെ രൂപേഷ്‌കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങളെ പാരിസ്ഥിതിക ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കികൊണ്ട് ഗ്രീൻ സർട്ടിഫിക്കേഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിൽപശാലയിൽ ടൂറിസം രംഗത്ത് നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾക്ക് രൂപം നൽകും. തിരഞ്ഞെടുക്കപ്പെട്ട ടൂറിസം സംരംഭകർ, ടൂറിസം വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കുന്ന ശിൽപശാല വ്യാഴാഴ്ച സമാപിക്കും.