സാഹസിക ടൂറിസം ആസ്വദിച്ച് പ്രതിരോധ സംഘം

Posted on: February 13, 2019

തിരുവനന്തപുരം : കേരളത്തിലെ സാഹസിക ടൂറിസം കണ്ടറിയുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പ്രതിരോധ സേനയിലെ 35 അംഗ സംഘം കേരളത്തിലെത്തി. ബ്രിഗേഡിയര്‍ സുധീന്ദ്ര ഇത്‌നാന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ ക്ഷണത്തെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനെത്തിയത്.

ചേറായി ബിച്ചിലെ ജലവിസ്മയങ്ങള്‍, തേക്കടിയിലെ രാത്രി ട്രക്കിംഗ്, മൂന്നാര്‍ മീശപ്പുലിമലയിലെ ട്രക്കിംഗ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അഞ്ചു ദിവസത്തെ യാത്ര. ഇത്തരം സംഘങ്ങളെ ക്ഷണിക്കുന്നത് നമ്മുടെ സാഹസിക ടൂറിസം മേഖലയുടെ പ്രചാരണത്തിന് വഴിതെളിക്കുമെന്ന് സംഘത്തിന്റെ യാത്രയ്ക്ക് ആശംസ നേര്‍ന്ന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സാഹസികത മുഖമുദ്രയാക്കിയ ഗവി, മുത്തങ്ങ, തെന്മല പോലുള്ള നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. വിനോദസഞ്ചാര രംഗത്തെ ഈ നൂതന പ്രവണത വ്യാപകമാക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് വ്യക്തമാക്കി.

കേരളത്തിലെ സാഹസിക കേന്ദ്രങ്ങളിലേക്ക് പ്രതിരോധ സേനയെ സ്വാഗതം ചെയ്യാന്‍ കേരള ടൂറിസത്തിന് അവസരം കിട്ടിയത് ആദ്യമായാണെന്ന് കേരള അഡ്വവഞ്ചര്‍ ടൂറിസം പ്രൊമോഷണല്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌കര്‍ പറഞ്ഞു.

TAGS: Kerala Tourism |