ക്ലിന്റ് രാജ്യാന്തര പെയിന്റിംഗ് മത്സരം : 116 രാജ്യങ്ങളിൽ നിന്ന് എൻട്രികൾ

Posted on: December 30, 2018

തിരുവനന്തപുരം : ചുരുങ്ങിയ ആയുസിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കാൽലക്ഷത്തോളം സൃഷ്ടികളിലൂടെ ചിത്രകലയിലെ അത്ഭുതമായി മാറിയ ബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണയ്ക്ക് സംസ്ഥാന ടൂറിസം വകുപ്പ്  സംഘടിപ്പിക്കുന്ന രാജ്യാന്തര ഓൺലൈൻ പെയിന്റിംഗ് മത്സരത്തിലേക്ക് ഇതുവരെ 116 രാജ്യങ്ങളിൽ നിന്ന് എൻട്രികൾ.

ജേതാക്കൾക്ക് 60 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭ്യമാകുന്ന മത്സരത്തിനായി 30,000 കുട്ടികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിസ്തുമസ് പുതുവത്സര സീസണിലെ ഓൺലൈൻ തിരക്കും ചില സ്ഥലങ്ങളിൽ ഇന്റർനെറ്റ് ലഭ്യതയുടെ പരിമിതിയും കാരണം ഇവരിൽ 15,000 കുട്ടികൾക്കേ എൻട്രികൾ അയക്കാൻ സാധിച്ചിട്ടുള്ളൂ. ഇതുകാരണമാണ് രജിസ്റ്റർ ചെയ്തവരുടെ അപേക്ഷപ്രകാരം എൻട്രികൾ അയക്കേണ്ട അവസാന തിയതി 2019 ജനുവരി 31 വരെ നീട്ടിയത്. https://www.keralatourism.org/clint/ എന്ന വെബ്‌സൈറ്റിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്ലിന്റിനെക്കുറിച്ചുള്ള ചെറുവിവരണം 23 ഭാഷകളിൽ ഈ വെബ്‌സൈറ്റിൽ ലഭിക്കും.

നാലു മുതൽ 16 വയസു വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ കുട്ടിക്കും അഞ്ചു എൻട്രികൾ വരെ അയയ്ക്കാവുന്നതാണ്. 18 കഴിഞ്ഞവർക്ക് മത്സരത്തിന്റെ പ്രൊമോട്ടർമാരായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ സൗജന്യമാണ്. എൻട്രികൾ ഓലൈനായി അപ്‌ലോഡ് ചെയ്യണം. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും.

15 ജേതാക്കൾക്ക് കുടുംബത്തോടൊപ്പവും പത്ത് പ്രൊമോട്ടർമാർക്ക് വ്യക്തിഗതമായും അഞ്ചുദിവസത്തേയ്ക്ക് കേരളത്തിലേക്കുള്ള സൗജന്യയാത്രയ്ക്ക് അവസരം ലഭിക്കും. 65 പേർക്ക് പതിനായിരം രൂപ വീതം സമ്മാനം നൽകും. വിദേശത്തുനിന്നുള്ള 20 ജേതാക്കൾക്ക് ഉപഹാരം നൽകും. കേരളത്തിൽ നിന്നുള്ള 40 വിജയികൾക്ക് ഓരോരുത്തർക്കും പതിനായിരം രൂപയുടെ പ്രത്യേക സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

TAGS: Clint | Kerala Tourism |