കേരള ടൂറിസത്തിന് ഉത്തരവാദിത്ത ടൂറിസം ഗോൾഡ് അവാർഡ്

Posted on: November 8, 2018

തിരുവനന്തപുരം : കേരള ടൂറിസത്തിന് ഉത്തരവാദിത്ത ടൂറിസം ഗോൾഡ് അവാർഡ്. ലോകത്തിലെ ഏറ്റവും പ്രമുഖ ട്രാവൽ-ടൂറിസം മേളകളിലൊന്നായ ലൻ വേൾഡ് ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കേരളത്തിന് അവാർഡ് സമ്മാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, റാണി ജോർജ് ഐഎഎസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

കേരളത്തിൽ കഴിഞ്ഞ വർഷം നടത്തിയ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ പേരിൽ നിരവധി രാജ്യാന്തര സ്ഥാപനങ്ങളെ മറികടന്നാണ് കേരള ടൂറിസത്തെ ബെസ്റ്റ് ഇൻ റെസ്‌പോൺസിബിൾ ടൂറിസം ഇൻ ദ വേൾഡ് ഗോൾഡ് അവാർഡ് എന്ന പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. ആകെ 14 വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച റീജണൽ/സിറ്റി കാംപെയിൻ വിഭാഗത്തിൽ ആഗോള സ്ഥാപനങ്ങൾക്കൊപ്പം കേരള ടൂറിസം അവസാന പട്ടികയിൽ ഇടംപിടിച്ചിരുന്നു. ലിവ് ഇൻസ്പയേർഡ് എന്ന പ്രചാരണ പരിപാടിയിലൂടെയായിരുന്നു ഇത്.

ഉത്തരവാദിത്ത ടൂറിസം മിഷൻ ആണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇപ്പോൾ 10938 യൂണിറ്റുകളാണ് സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 5.26 കോടി രൂപയാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ തീർത്തും സാധാരണക്കാരായ യൂണിറ്റ് അംഗങ്ങൾ നേടിയത്. ആകെ 2800 തദ്ദേശവാസികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ഉത്തരവാദിത്ത ടൂറിസം മിഷൻ പരിശീലനം നൽകി. 20 ഗ്രാമീണ ടൂറിസം പാക്കേജുകളിലായി 450 കുടുംബങ്ങൾ ഇതിലൂടെ വരുമാനം നേടുന്നു. 50000 കുടുംബങ്ങൾ ഇപ്പോൾ ഉത്തരവാദിത്ത ടുറിസം മിഷൻ പ്രവർത്തനങ്ങളിലൂടെ നേരിട്ടും പരോക്ഷമായും വരുമാനം നേടുന്നു.

സാധാരണ ജനസമൂഹത്തിന് കൂടി കൈത്താങ്ങാകുന്ന വിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതുകൊണ്ടാണ് ഈ അവാർഡ് നേടാനായതെന്നു ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അവാർഡ് കേരളത്തിലെ ജനപക്ഷ ടൂറിസം വികസനത്തിന് കരുത്താകുമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ.രൂപേഷ്‌കുമാർ വ്യക്തമാക്കി.

TAGS: Kerala Tourism |