ടൂറിസം വളർച്ച ശക്തമാക്കാൻ നടപടിവേണമെന്ന് അസോച്ചം

Posted on: August 12, 2014

Assocham-logo

ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വളർച്ച ശക്തമാക്കാൻ ദീർഘകാല, ഹൃസ്വകാല നടപടികൾ വേണമെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഇൻ ഇന്ത്യ (അസോച്ചം) സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു വഴി രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വിവിധങ്ങളായ വളർച്ചയുണ്ടാകുമെന്ന് അസോച്ചം ചൂണ്ടിക്കാട്ടി. 2022 ഓടെ ഇന്ത്യയുടെ ടൂറിസം മേഖലയെ 25 ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള മേഖലയായി ഉയർണമെന്നും അസോച്ചം നിർദേശിച്ചു.

ദീർഘകാലവളർച്ച ലക്ഷ്യമിട്ട് 50 മുതൽ 100 വരെ മുറികളുള്ള ഹോട്ടലുകൾക്ക് അടിസ്ഥാനസൗകര്യ പദവി അനുവദിച്ച് ടു സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടൽ മുറികളുടെ അപര്യാപ്തത ഇല്ലാതാക്കുക, ഹോട്ടലുകൾക്ക് അനുമതി നൽകാനായി ഏകജാലക സംവിധാനം ഏർപ്പെടുത്തുക, പ്രത്യേക മേഖലകളിലെ ഹോട്ടലുകൾക്ക് ഇൻസെന്റീവ് നൽകുക, അതിവേഗ ഇ-വിസ സംവിധാനം ഏർപ്പെടുത്തുക, ഇക്കോ ടൂറിസം സംബന്ധിച്ച അന്തർ സംസ്ഥാന കൗൺസിൽ ശുപാർശകൾ പുതുക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അസോച്ചം പ്രസിഡന്റ് റാണാ കപൂർ മുന്നോട്ടു വച്ചിട്ടുള്ളത്.

TAGS: Assocham | Tourism |