വി-ഗാര്‍ഡ് വരുമാനത്തില്‍ വര്‍ധന

Posted on: October 28, 2022

കൊച്ചി : മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 907.40 കോടി രൂപയില്‍ നിന്നും 8.7 ശതമാനമാണ് വരുമാന വളര്‍ച്ച രേഖപ്പെടുത്തിയത്. ജൂലൈ-സെപ്തംബര്‍ ത്രൈമാസത്തില്‍ 43.66 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷം ഇത് 59.40 കോടി രൂപയായിരുന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ 8.7 ശതമാനം നല്ല വളര്‍ച്ച നേടിയതോടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 16.5 ശതമാനത്തിലെത്തിയതായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

ഗൃഹോപകരണ വിഭാഗത്തില്‍ കരുത്തുറ്റ വളര്‍ച്ചയാണ് നേടിയത്. കോപ്പര്‍ വിലയിടിവ് കാരണം വിലകൂടിയ വയറുകള്‍ കുറഞ്ഞ വിലയില്‍ വില്‌ക്കേണ്ടി വന്നത് രണ്ടാം ക്വാര്‍ട്ടറിലെ മാര്‍ജിനുകളെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി മറ്റു വിഭാഗങ്ങളിലും ഉത്പ്പാദന ചെലവില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്നു തന്നെ തുടരുകയാണ്. അടുത്ത രണ്ട് പാദങ്ങളോടെ മാര്‍ജിനുകള്‍ പൂര്‍വ്വസ്ഥിതിലേക്ക് മടങ്ങിയെത്തും,’ അദ്ദേഹം പറഞ്ഞു.