വി-ഗാര്‍ഡ് അറ്റാദായത്തില്‍ 35 ശതമാനം വര്‍ധന

Posted on: November 1, 2023

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ 58.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനമാണ് ലാഭവര്‍ധന.

സെപ്റ്റംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ കമ്പനി 1133.75 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 986.55 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2348.51 കോടി രൂപയാണ് കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം. 17.1 ശതമാനം വളര്‍ച്ച നേടി. ആദ്യ പകുതിയിലെ അറ്റാദായം 26.9 ശതമാനം വര്‍ധിച്ച് 123.17 കോടി രൂപയിലെത്തി.

‘രണ്ടാം ത്രൈമാസത്തില്‍ ഉപഭോക്തൃ ഡിമാന്‍ഡ്, പ്രത്യേകിച്ച് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍, കുറയുന്ന പ്രവണതയുണ്ടായി. ഇത് ഉയര്‍ന്ന വളര്‍ച്ചയെ സ്വാധീനിച്ചു. മൊത്ത മാര്‍ജിനുകളില്‍ ഈ പാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട് കോവിഡിനു മുമ്പുള്ള നിലയോട് അടുത്തു വന്നു.