വിഗാര്‍ഡ് വരുമാനത്തില്‍ 80 ശതമാനം വര്‍ധന

Posted on: July 29, 2022

കൊച്ചി : മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ 1018.29 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 565.18 കോടി രൂപയില്‍ നിന്നും 80 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

2022 ജൂണ്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 53.37 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 25.54 കോടി രൂപയില്‍ നിന്നും 109 ശതമാനമാണ് വര്‍ധന. എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി.

ആദ്യ ക്വാര്‍ട്ടറില്‍ ബിസിനസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ വളര്‍ച്ചയുണ്ടെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ജൂണില്‍ കോപ്പര്‍ വിലയിലുണ്ടായ ഗണ്യമായ ഇടിവ് വയറുകളുടെ മാര്‍ജിനുകളെ ബാധിച്ചു. ഇതിന്റെ ആഘാതം രണ്ടാം ക്വാര്‍ട്ടറിലേക്കും വ്യാപിച്ചേക്കാം.

മറ്റു പ്രധാന ചരക്കുകളുടെ ചെലവുകള്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെങ്കിലും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. ഉത്പ്പന്നങ്ങളുടെ വില വര്‍ധന ഒഴിവാക്കാന്‍ ഇതു സഹായിച്ചു.