ബാങ്ക് ഓഫ് മഹാരാഷ്ട്ര അറ്റാദായം 2 മടങ്ങ് ഉയര്‍ന്ന് 452 കോടി രൂപയിലെത്തി

Posted on: July 20, 2022

കൊച്ചി : മികച്ച അറ്റ പലിശ വരുമാനവും ആസ്തി നിലവാരത്തിലുള്ള പുരോഗതിയുടെയും പിന്‍ബലത്തില്‍ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം ഇരട്ടിയായി വളര്‍ന്ന് 452 കോടി രൂപയിലെത്തി. 2022 സാമ്പത്തിക വര്‍ഷത്തിലെ സമാന ത്രൈമാസത്തില്‍ 208 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാരുടെ ട്രാന്‍സ്ഫറുകളും പ്രമോഷനുകളും ഉണ്ടായിരുന്നിട്ടും, ബാങ്ക് മികച്ച പ്രകടനം കാഴ്ചവെച്ചതായും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ അറ്റാദായം 117.25 ശതമാനം വര്‍ധിച്ചതായും ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എ. എസ് രാജീവ് പറഞ്ഞു. ‘രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ ഉയര്‍ന്ന വളര്‍ച്ച ഞങ്ങള്‍ വിഭാവനം ചെയ്യുന്നു, ഭാവിയിലെ വളര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും രാജീവ് പറഞ്ഞു.

അറ്റ പലിശ വരുമാനം (എന്‍ഐഐ) 2022 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ക്വാര്‍ട്ടറിലെ 1,406 കോടി രൂപയില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 1,686 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 3.05 ശതമാനത്തില്‍ നിന്ന് 3.28 ശതമാനമായി മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (ജിഎന്‍പിഎ) 6.35 ശതമാനത്തില്‍ നിന്ന് 3.74 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി 2.22 ശതമാനത്തില്‍ നിന്ന് 0.88 ശതമാനമായി കുറഞ്ഞു.

ആദ്യ ക്വാര്‍ട്ടറില്‍ വീണ്ടെടുക്കലും ഉയര്‍ന്ന ഗ്രേഡേഷനും 388 കോടി രൂപയായി. എഴുതിത്തള്ളിയ അക്കൗണ്ടുകളില്‍ നിന്ന് 130 കോടി രൂപയും തിരിച്ചുപിടിച്ചു.

23 സാമ്പത്തിക വര്‍ഷത്തില്‍ 3,000 കോടി രൂപയാണ് ക്യാഷ് റിക്കവറി ലക്ഷ്യമെന്ന് രാജീവ് പറഞ്ഞു. നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡിലേക്ക് (എന്‍ എ ആര്‍ സി എല്‍) ട്രാന്‍സ്ഫര്‍ ചെയ്യേണ്ട കിട്ടാക്കടങ്ങളില്‍ നിന്നുള്ള നിന്ന് വീണ്ടെടുക്കല്‍ ബാങ്ക് പ്രതീക്ഷിക്കുന്നു. റെലിഗെയര്‍ ഗ്രൂപ്പ്, ശ്രേയ് ഗ്രൂപ്പ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐ എല്‍ & എഫ് എസ്) എന്നിവയുള്‍പ്പെടെയുള്ള സ്‌ട്രെസ്ഡ് അക്കൗണ്ടുകളില്‍ നിന്നുള്ള വീണ്ടെടുക്കലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

പൂനെ ആസ്ഥാനമായുള്ള ബാങ്കിന്റെ പ്രൊവിഷന്‍ കവറേജ് അനുപാതം 90.70 ശതമാനത്തില്‍ നിന്ന് 95.04 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ 899 കോടി രൂപയില്‍ നിന്ന് മൊത്തം പ്രൊവിഷനുകള്‍ 750 കോടിയായി കുറഞ്ഞു.

നടപ്പ് പാദത്തില്‍ ടയര്‍ 1, ടയര്‍ 2 ബോണ്ടുകള്‍ വഴി 1,000 കോടി രൂപ സമാഹരിക്കാന്‍ ബാങ്ക് ശ്രമിക്കുമെന്ന് രാജീവ് പറഞ്ഞു. ”ഇപ്പോഴത്തെ സാമ്പത്തിക വര്‍ഷത്തില്‍, ഞങ്ങള്‍ക്ക് നല്ല മൂലധനമുണ്ട് . എന്നിരുന്നാലും, ഇക്വിറ്റി മാര്‍ക്കറ്റ് മെച്ചപ്പെടുകയാണെങ്കില്‍, 2023 ലെ ക്യു 3 അല്ലെങ്കില്‍ ക്യു 4 ല്‍ ഞങ്ങള്‍ 1,000 കോടി രൂപയുടെ ഇക്വിറ്റി സമാഹരണത്തിലേക്ക് കടക്കും ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ജൂണ്‍ 20 വരെ, മൊത്തത്തിലുള്ള അഡ്വാന്‍സുകള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 27.10 ശതമാനം വര്‍ദ്ധിച്ച് 140,561 കോടി രൂപയായും നിക്ഷേപങ്ങള്‍ 12.35 ശതമാനം വര്‍ധിച്ച് 195,909 കോടി രൂപയായും എത്തി. നടപ്പ് സാമ്പത്തിക വര്‍ഷം വായ്പാ വളര്‍ച്ച 20-22 ശതമാനവും നിക്ഷേപ വളര്‍ച്ച 12-14 ശതമാനവുമാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

വരുമാനം വര്‍ധിപ്പിക്കുന്ന വിഭാഗമായ മിഡ് കോര്‍പ്പറേറ്റ് വിഭാഗത്തിലാണ് വായ്പ നല്‍കുന്നവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രാജീവ് പറഞ്ഞു. കോര്‍പ്പറേറ്റ് വായ്പകളില്‍ 20,000-22,000 കോടി രൂപയും എം എസ്എം ഇ യിലും മറ്റ് വിഭാഗങ്ങളിലും 6,000-7,000 കോടി രൂപയും അനുവദിച്ചതിലുണ്ട്. ബിഎസ്ഇയില്‍ ബാങ്കിന്റെ ഓഹരികള്‍ 3.11 ശതമാനം ഉയര്‍ന്ന് 16.6 രൂപയിലെത്തി.