വിപ്രോ ഓഹരി മടക്കി വാങ്ങല്‍ : അസിം പ്രേംജി 7300 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു

Posted on: September 13, 2019

മുംബൈ : ഐ.ടി രംഗത്തെ ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയായ വിപ്രോയുടെ ഓഹരിമടക്കിവാങ്ങല്‍ പദ്ധതിയില്‍ 7300 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് അസിം പ്രേംജിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും. ഇതിലൂടെ ലഭിച്ച തുകയില്‍ ഭൂരിഭാഗവും മാനുഷികസേവനങ്ങള്‍ക്കായി വിനിയോഗിച്ചേക്കും.

വിപ്രോയുടെ സ്ഥാപകചെയര്‍മാനായ അസിം പ്രേംജിയും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളും ചേര്‍ന്ന് 22.46 കോടി ഓഹരികള്‍ വിറ്റതായി കമ്പനി അറിയിച്ചു. കമ്പനിയില്‍ അദ്ദേഹത്തിനുള്ള ആകെ ഓഹകരികളുടെ 3.96 ശതമാനം വരുമിത്. കഴിഞ്ഞ മാര്‍ച്ചില്‍ വിപ്രോയുടെ 67 ശതമാനം വരുന്ന ഓഹരികളില്‍ നിന്നുള്ള വരുമാനം പൂര്‍ണമായി അസിം പ്രേംജി ഫൗണ്ടേഷന് അദ്ദേഹം കൈമാറിയിരുന്നു. ഈ ട്രസ്റ്റിലുള്ള പണം മാനുഷിക സേവനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നതാണ്.

അസിം പ്രേംജിയുടെ കുടുംബത്തിനും സ്ഥാപനങ്ങള്‍ക്കുമാണ് വിപ്രോയുടെ 73.83 ശതമാനം ഓഹരികളും. ഓഹരിമടക്കിവാങ്ങലിനുശേഷം പ്രൊമോട്ടര്‍മാരുടെ കൈവശം 74.05 ശതമാനം ഓഹരകളാണുളളത്.

കമ്പനിയുടെ ഓഹരിമടക്കിവാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയായതായി കമ്പനി ഓഹരി വിപണിയെ അറിയിച്ചിട്ടുണ്ട്. രണ്ടുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 325 രൂപ പ്രകാരമാണ് കമ്പനി തിരിച്ചുവാങ്ങിയത്. കേദേശം 10,500 കോടി രൂപ ചെലവില്‍ 32.3 കോടി ഓഹരികളാണ് ഏറ്റെടുത്തത്.

TAGS: Wipro |