കോവിഡ് : ഐടി മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്

Posted on: May 15, 2021

ബംഗലുരു : കോവിഡ് ഭീഷണി ഐടി മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മുംബൈ, പൂനെ, ഹൈദരാബാദ്, ബംഗലുരു തുടങ്ങിയ പ്രമുഖ ഐടി ഹബുകളെല്ലാം ലോക്ക്ഡൗണിലാണ്. വര്‍ക്ക് അറ്റ് ഹോം തുടരുന്നതിനിടെ ആയിരക്കണക്കിന് ഐടി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും രോഗബാധിതരായത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങി.

സ്വന്തം ചികിത്സയ്ക്കും കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനുമായി ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ഏറ്റെടുത്ത പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ശേഷിക്കുന്ന ജീവനക്കാര്‍ക്ക് മേല്‍ വന്‍ സമ്മര്‍ദവുമുണ്ട്.

ഇന്‍ഫോസിസും ടിസിഎസും സമ്പൂര്‍ണ വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചു കഴിഞ്ഞു. വിപ്രോയുടെ 1,97,000 ജീവനക്കാരില്‍ കേവലം മൂന്ന് ശതമാനം പേര്‍ മാത്രമാണ് ഓഫീസുകളിലെത്തുന്നത്. ഇതിനിടെ പ്രമുഖ കമ്പനികള്‍ പലതും തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്‌സിനേഷനുള്ള സൗകര്യമൊരുക്കുന്നുണ്ട്. അക്‌സഞ്ചര്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷനും ചികിത്സയ്ക്കുമുള്ള സഹായം നല്‍കുന്നുണ്ട്.

TAGS: Wipro |