ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രവര്‍ത്തന ലാഭം 2,117 കോടി

Posted on: January 10, 2019

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 2,117 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനമാണ് വര്‍ധന. ഇക്കാലയളവില്‍ അഞ്ചു ശതമാനം വര്‍ധനവോടെ 985 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചിട്ടുണ്ട്.

ആകെ ബിസിനസ് 27 ശതമാനം വര്‍ധനവോടെ 3,48,870 കോടി രൂപയിലും അറ്റ പലിശ വരുമാനം 21 ശതമാനം വര്‍ധനവോടെ 2,288 കോടി രൂപയിലും എത്തിയതായി പ്രവര്‍ത്തന ഫലം ചൂണ്ടിക്കാട്ടുന്നു. 2018 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.59 ശതമാനമാണ്. 2017 ല്‍ ഇത് 0.46 ശതമാനമായിരുന്നു.

മൂന്നാം ക്വാര്‍ട്ടറില്‍ മികച്ച പ്രകടനമാണു ബാങ്ക് കാഴ്ചവെച്ചതെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റൊമേഷ് സോബ്തി പറഞ്ഞു. കഴിഞ്ഞ ക്വാര്‍ട്ടറിലാണ് നെസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: Indus Ind Bank |