ആമസോണ്‍ അലക്‌സയിലൂടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ശബ്ദാധിഷ്ഠിത ബാങ്കിങ് സേവനങ്ങള്‍

Posted on: October 4, 2018

കൊച്ചി : നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി ആമസോണ്‍ അലക്‌സാ വഴിയുള്ള ബാങ്കിങ് സേവനങ്ങള്‍ക്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടക്കം കുറിച്ചു. ശബ്ദ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ വെര്‍ച്വല്‍ സഹായിയാണ് അലക്‌സാ.

സ്മാര്‍ട്ട് ഫോണില്‍ അലക്‌സാ ആപ്പ് ഉപയോഗിച്ച് തങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ബന്ധിപ്പിക്കാനായി ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് എല്ലാ ചുമതലപ്പെടുത്തലുകളും ഇടപാടുകള്‍ക്കുള്ള അപേക്ഷകളും ശബ്ദ അധിഷ്ഠിതമായിരിക്കും.

മൊബൈല്‍ ഫോണ്‍ റീ ചാര്‍ജു ചെയ്യല്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടക്കല്‍ തുടങ്ങിയവയെല്ലാം ഇങ്ങനെ ശബ്ദ നിര്‍ദ്ദേശങ്ങള്‍ വഴി നടത്താം. ഫണ്ട് കൈമാറ്റം, ബില്ലുകള്‍ അടക്കല്‍, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൂടുതല്‍ എളുപ്പത്തിലും കാര്യക്ഷമമായും ശബ്ദ നിര്‍ദ്ദേശങ്ങള്‍ വഴി നടത്താനുള്ള അവസരമാണ് ഇതിലൂടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

ബാങ്കിന്റെ ചാറ്റ്‌ബോട്ട് ആയ ഇന്‍ഡസ് അസിസ്റ്റും അലക്‌സയും സംയോജിപ്പിക്കുന്നതിലൂടെ ബാങ്കിങ് ചാനലുകള്‍ക്കുമപ്പുറത്തേക്ക് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സിലേക്ക് എത്തിക്കുവാനാണു ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സേവിങ്‌സ്, ഡിജിറ്റല്‍, പെയ്‌മെന്റ് ബിസിനസ് വിഭാഗങ്ങളുടെ മേധാവിയുമായ റിതേഷ് രാജ് സക്‌സേന ചൂണ്ടിക്കാട്ടി.