സിയാൽ ഓഹരികളുടെ ലിസ്റ്റിംഗ് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

Posted on: August 19, 2015

Cial-AGM-2015-big

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്നു കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ സിയാൽ ഓഹരിയുടമകളുടെ 21-ാം വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിയാലിന്റെ മൊത്തവരുമാനവും ലാഭവും മുൻ വർഷത്തേക്കാൾ ഗണ്യമായ തോതിൽ വർധിച്ച് യഥാക്രമം 413.96 കോടി രൂപയും 144.58 കോടി രൂപയുമായി. വരുമാനത്തിൽ 19.69 ശതമാനവും ലാഭത്തിൽ 16.25 ശതമാനവും വർധനയാണു കമ്പനി രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം 64 ലക്ഷമായി വർധിച്ചു. പുതിയ ഇന്റർനാഷണൽ ടെർമിനൽ അടുത്ത മേയിൽ പ്രവർത്തനക്ഷമമാകും. അതോടെ ഇപ്പോഴത്തെ രാജ്യാന്തര ടെർമിനൽ ആഭ്യന്തര ടെർമിനലാകും. നിലവിലുള്ള ആഭ്യന്തര ടെർമിനലിനേക്കാൾ ഇതിന് അഞ്ചു മടങ്ങ് ശേഷിയുണ്ടാകും.

ഓഹരിയുടമകൾക്ക് 1 : 4 അനുപാതത്തിൽ അവകാശ ഓഹരികൾ വിതരണം ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിക്കു 40 രൂപ പ്രീമിയം ചേർത്ത് 50 രൂപ നിരക്കിലാണ് അവകാശ ഓഹരി വിതരണം ചെയ്യുന്നത്. ഇതിനുള്ള അപേക്ഷ 22 നു മുമ്പ് സമർപ്പിക്കണം. റോബോട്ടുകളെ ഉപയോഗിച്ചു വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിക്കു സിയാൽ തുടക്കമിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ഓഹരിയുടമകൾക്ക് 21 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ ശിപാർശ പൊതുയോഗം അംഗീകരിച്ചു. സിയാൽ ഇതുവരെ വിതരണം ചെയ്തിട്ടുള്ള ലാഭവിഹിതം 153 ശതമാനമായി ഉയർന്നു. മന്ത്രി കെ. ബാബു, എൻ.വി. ജോർജ്, ഇ.എം. ബാബു എന്നിവരുടെ ഡയറക്ടർ ബോർഡിലേക്കുള്ള പുനർനിയമനവും സ്വതന്ത്ര ഡയറക്ടർമാരായി റോയ് കെ. പോൾ, രമണി ദാമോദരൻ, ഡയറക്ടറായി ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരുടെ നിയമനവും വാർഷിക പൊതുയോഗം അംഗീകരിച്ചു.

മന്ത്രി കെ. ബാബു, സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യൻ, ഡയറക്ടർമാരായ എം. എ. യൂസഫലി, സി. വി. ജേക്കബ്, ഇ. എം. ബാബു, റോയ് കെ. പോൾ, രമണി ദാമോദരൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ എന്നിവർ പ്രസംഗിച്ചു.