സിയാൽ 383 കോടിയുടെ അവകാശ ഓഹരിഇഷ്യുവിന്

Posted on: August 2, 2015

CIAL-Baggage-collection-big

നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) അവകാശ ഓഹരി ഇഷ്യുവിലൂടെ 383 കോടി രൂപ സമാഹരിക്കും. നിലവിലുള്ള 18,000 ത്തിൽപ്പരം ഓഹരി ഉടമകൾക്ക് 7,65,14,950 അവകാശ ഓഹരിയാണ് നല്കുന്നത്. നാലിന് ഒന്ന് എന്ന അനുപാതത്തിലാണ് അവകാശ ഓഹരികൾ നൽകുന്നത്.

നിലവിലുള്ള ഓഹരിയുടമകൾക്ക് 10 രൂപ മുഖവിലയുള്ള ഓഹരി 40 രൂപ പ്രീമിയത്തിൽ 50 രൂപയ്ക്കാണ് കൊടുക്കുന്നത്. ജൂൺ 24 മുതൽ ജൂലൈ 23 വരെയുള്ള കാലയളവിൽ ഇതിനുള്ള നോട്ടീസ് ഓഹരി ഉടമകൾക്ക് നല്കിയിട്ടുണ്ട്. ഓഫർലെറ്ററും ഓഹരി അപേക്ഷഫോമും കിട്ടാത്ത ഓഹരി ഉടമകൾ ഓഗസ്റ്റ് എട്ടിനകം കമ്പനി രജിസ്റ്റേർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി സജി കെ. ജോർജ് അറിയിച്ചു.

ഓഫർ ലെറ്ററും അപേക്ഷാഫോമും കിട്ടാതെ വന്നാൽ ഓഹരി ഉടമയുടെ പേരും ഫോളിയോ നമ്പറും മറ്റു വിവരങ്ങളും വെള്ളക്കടലാസിൽ രേഖപ്പെടുത്തി അവകാശ ഓഹരി വിലയ്ക്കു തുല്യമായ തുകയുടെ എറണാകുളം-കൊച്ചി ശാഖകളിൽ മാറാവുന്ന ഡ്രാഫ്‌റ്റോടെ ഓഹരി ഇഷ്യു അവസാനിക്കുന്ന തീയതിക്ക് മുമ്പ് രജിസ്റ്റേർഡ് പോസ്റ്റായി കമ്പനി ഓഫീസിലേക്ക് അയക്കണം.

അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 22 ആണ്. ഏറ്റവുമധികം അവകാശ ഓഹരി കേരള സർക്കാരിനാണ് ലഭിക്കുന്നത്. മൊത്തം ഓഹരിയുടെ 31 ശതമാനം കേരള സർക്കാരിന്റെ നിയന്ത്രണത്തിലാണ്. രണ്ടാം സ്ഥാനത്ത് എൻ.വി. ജോർജാണ്. അതിനു തൊട്ടുതാഴെ എം. എ. യൂസഫലി, പി. മുഹമ്മദലി, സി. വി. ജേക്കബ്, ഇ. എം. ബാബു എന്നിവരാണ്.