സിയാൽ നിക്ഷേപകർക്ക് 27 ശതമാനം ലാഭവിഹിതം

Posted on: September 29, 2019

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) നിക്ഷേപകർക്ക് 27 ശതമാനം ലാഭവിഹിതം നൽകാൻ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു. ഇതിനായി 124.53 കോടി രൂപ വകയിരുത്തി. 30 രാജ്യങ്ങളിൽ നിന്നായി 18,000 ഓഹരിയുടമകളാണ് സിയാലിനുള്ളത്. സിയാലിൽ 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 33.48 കോടി രൂപയോളം ലഭിക്കും.

സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിൽ അധ്യക്ഷതവഹിച്ചു. കേരളത്തിന്റെ അഭിമാനത്തിന്റെ പ്രതീകമായ സിയാലിന്റെ വളർച്ചയെ കുറിച്ച് ഏറെ പറയാനുണ്ടെങ്കിലും ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചെയർമാൻ എന്ന നിലയിലുള്ള സാങ്കേതികമായ കർത്തവ്യം മാത്രം താൻ നിർവഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഡയറക്ടർമാരായ എം എ യൂസഫലി, റോയ് കെ. പോൾ, എ. കെ. രമണി, എ.വി. ജോർജ്, ഇ.എം. ബാബു, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.