നൈപുണ്യ വികസനം കൂടുതല്‍ ശക്തമാക്കും: മന്ത്രി രാജീവ് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് മിബിസിന്റെ ഇ-സര്‍വ്വീസ് പ്ലാറ്റ് ഫോമും സൈബര്‍ ഫോറന്‍സിക് ലാബും ഉദ്ഘാടനം ചെയ്തു

Posted on: December 3, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമായി വാര്‍ത്തെടുക്കുന്നതിന് നൈപുണ്യ വികസന പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ( കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് മിബിസിന്റെ ഇ-സര്‍വ്വീസ് പ്ലാറ്റ് ഫോമും സൈബര്‍ ഫോറന്‍സിക് ലബോറട്ടറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൈപുണ്യ വികസനത്തിന് അഡീഷണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം (അസാപ്), കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) പോലുള്ള സംവിധാനങ്ങളുണ്ട്. വിജഞാനത്തെ മൂലധനമാക്കി ഉത്പാദന ശക്തിയായി രൂപാന്തരപ്പെടുത്തും വിധം കാലാനുസൃതമായ നൂതന നൈപുണ്യ വികസനത്തിന് ഇവയിലൂടെ ശ്രമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

മികച്ച അന്തരീക്ഷമാണ് കേരളത്തിനുളളത്. അതിനാല്‍ വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തെ വര്‍ക്ക് ഫ്രം കേരള സംസ്‌കാരമാക്കി മാറ്റാനാകും. ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും മികവുറ്റ ആരോഗ്യപരിരക്ഷാ സംവിധാനവും മുതല്‍ക്കൂട്ടുകളായുണ്ട്. ഇന്‍കുബേറ്ററുകള്‍, ആക്‌സിലറേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ എക്കാലവും പ്രോത്സാഹിപ്പിക്കാന്‍ ഐടി അന്തരീക്ഷം പ്രതിബദ്ധമാണെന്നും വ്യക്തമാക്കിയ അദ്ദേഹം പുതിയ ദൗത്യവുമായി മുന്നോട്ടുവന്ന മിബിസ് സ്റ്റാര്‍ട്ടപ്പിനെ അഭിനന്ദിച്ചു.

കേശവദാസപുരത്തെ ട്രിഡ കോംപ്ലക്‌സിലാണ് മിബിസ് സിറ്റിസണ്‍ അഡൈ്വസര്‍ ഇ-സര്‍വ്വീസ് പ്ലാറ്റ് ഫോമും മിബിസ് സൈബര്‍ ഫോറന്‍സിക് ലബോറട്ടറിയും പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സുതാര്യവും കാര്യക്ഷമവുമായി ഗുണഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനാണ് മിബിസ് സിറ്റിസണ്‍ അഡൈ്വസര്‍ ഇ-സര്‍വ്വീസ് പ്ലാറ്റ് ഫോം ലക്ഷ്യമിടുന്നത്. പൊതുഭരണം, വിദ്യാഭ്യാസം, സൈബര്‍ ഫോറന്‍സിക്, ഗവേഷണം, വാണിജ്യം, ആരോഗ്യം, നിയമം, ഗതാഗതം, ധനകാര്യം, വിനോദസഞ്ചാരം, മാനവവിഭവശേഷി തുടങ്ങി പതിനഞ്ചോളം മേഖലകളിലെ സേവനങ്ങള്‍ ഈ പ്ലാറ്റ് ഫോമില്‍ ലഭ്യമാണ്.

കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ ഇന്ത്യയിലെ വെബ്‌സൈറ്റുകള്‍ ഇരുപത്തിയാറായിരം സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അത്തരം പ്രവണതകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള ദൗത്യമാണ് മിബിസ് ഏറ്റെടുത്തിരിക്കുന്നതെന്നും കെഎസ് യുഎം സിഇഒ ശ്രീ ജോണ്‍ എം തോമസ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ സംബന്ധിച്ചിടത്തോളം സാധ്യതയുള്ള, ഉണര്‍വ്വേകുന്ന മേഖലകളാണ് സൈബര്‍ ഫോറന്‍സിക്കും സൈബര്‍ സെക്യൂരിറ്റിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചുവര്‍ഷത്തിനുള്ളില്‍ സൈബര്‍ ഫോറന്‍സിക്കിലും സൈബര്‍ സെക്യൂരിറ്റിയിലും മികവിന്റെ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് മിബിസ് സൈബര്‍ ഫോറന്‍സിക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റെജി വസന്ത് വിജെ പറഞ്ഞു.

ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡി എംജി രാജമാണിക്യം ഐഎഎസ്, സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ തിരുവനന്തപുരം ഡയറക്ടര്‍ ഗണേഷ് നായക് കെ എന്നിവരും പങ്കെടുത്തു.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, സൈബറിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തട്ടിപ്പുകാരെ കണ്ടെത്തുക, സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക തുടങ്ങിയവയാണ് വിപുലമായ മിബിസ് സൈബര്‍ ഫോറന്‍സ് ലബോറട്ടറിയിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങളും വിദഗ്‌ധോപദേശവും www.citizenadvisor.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും.