ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ട് ; നൈപുണ്യ ലഭ്യതയില്‍ കേരളം ആഗോളതലത്തില്‍ ആദ്യ ഇരുപതിലും ഏഷ്യയില്‍ അഞ്ചാമതും

Posted on: September 30, 2021

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് രംഗം മികച്ച നേട്ടം കൈവരിക്കുന്നതിന്റെ തെളിവായി ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ടില്‍ (ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇകോസിസ്റ്റം റിപ്പോര്‍ട്ട്) കേരളം ഇടം നേടി. മികച്ച സാങ്കേതികപരിജ്ഞാനമുള്ള പ്രതിഭകളെ ലഭ്യമാകുന്ന വിഭാഗത്തില്‍ ഏഷ്യയില്‍ അഞ്ചാം സ്ഥാനവും ആഗോളതലത്തില്‍ ആദ്യ 20 സ്ഥാനങ്ങള്‍ക്കുള്ളിലുമാണ് കേരളത്തിന്റെ സ്ഥാനം.

സ്റ്റാര്‍ട്ടപ്പ് ജീനോം, ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് നെറ്റ് വര്‍ക്ക് എന്നിവ സംയുക്തമായാണ് ജിഎസ്ഇആര്‍ തയ്യാറാക്കുന്നത്. ലണ്ടന്‍ ടെക് വീക്കിന്റെ പശ്ചാത്തലത്തിലായിരുന്നു റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്.

280 സ്റ്റാര്‍ട്ടപ്പ് സംരംഭഅന്തരീക്ഷവും 30 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയ്യാറാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടാണിത്. പ്രവര്‍ത്തനമികവ്, നിക്ഷേപം, വാണിജ്യബന്ധങ്ങള്‍, വിപണി ശേഷി, വിഭവ ആകര്‍ഷണം, പരിചയസമ്പന്നത, പ്രതിഭ എന്നിവയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലെ മാനദണ്ഡം. വിശദമായ പഠനത്തിന് ശേഷം 140 റാങ്കുകളാണ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനമികവ് ആഗോളതലത്തില്‍ എത്തിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് ജീനോമുമായി കെഎസ് യുഎം വളരെയടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജിഎസ്ഇആര്‍ 2021 ലെ കേരളത്തിന്റെ മികവിന് നാല് മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയത്. സാങ്കേതികപരിജ്ഞാനമുള്ള മികച്ച പ്രതിഭകളെ ജോലിക്ക് ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഒന്നാമത്തേത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 4.3 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം ഉണ്ടാക്കാന്‍ സാധിച്ചു. അതില്‍ തന്നെ പ്രാരംഭ നിക്ഷേപമായി 46 ലക്ഷം ഡോളറിന്റെ നിക്ഷേപം ലഭിച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ ശൈശവദശയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആകര്‍ഷണീയമായ ഇളവുകള്‍ മറ്റിടങ്ങളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകളെ സംസ്ഥാനത്തേക്കെത്തിക്കാന്‍ സഹായിച്ചു. റോബോട്ടിക്‌സ്, നിര്‍മ്മിതബുദ്ധി, ബിഗ്ഡാറ്റ, അനലിറ്റിക്‌സ് എന്നീ മേഖലകളെ ഉയര്‍ത്തിക്കാട്ടാനും കേരളത്തിന് സാധിച്ചു. ഈ നാല് ഘടകങ്ങളാണ് കേരളത്തിന് ഗുണകരമായത്.

സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലെ എല്ലാ പങ്കാളികളുമായി കേരളത്തിന് മികച്ച ബന്ധമാണുള്ളതെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.. മികച്ച സാക്ഷരത, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി, സംരംഭക അന്തരീക്ഷം, പിന്തുണയുള്ള സര്‍ക്കാര്‍ എന്നിവ കേരളത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള വേദിയാക്കി മാറ്റുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളവേദിയില്‍ ചടുലവും മികവുറ്റതുമായ പ്രകടനമാണ് സംസ്ഥാനം കാഴ്ചവച്ചത്. അഭിമാനകരമായ ഈ മുഹൂര്‍ത്തം ഉപയോഗിച്ച് കൂടുതല്‍ ഇന്‍കുബേഷന്‍ പരിപാടികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക വിജ്ഞാനമേഖലയിലെ പ്രധാനപ്പെട്ട ഘടകങ്ങളായ സ്റ്റാര്‍ട്ടപ്പ് സംരംഭത്തെക്കുറിച്ച് പഠിക്കുന്ന സര്‍വകലാശാലയെന്ന നിലയില്‍ കേരളത്തിന്റെ ഈ നേട്ടം ഏറെ പ്രധാനപ്പെട്ടതാണെന്ന് സംസ്ഥാന ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജിഗോപിനാഥ് പറഞ്ഞു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മേക്കര്‍വില്ലേജ് എന്ന ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്റര്‍ വിവിധ തലത്തിലുള്ള സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സര്‍വകലാശാല സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ശൃംഖലയെന്ന നിലയില്‍ നയമപരമായ നടപടികളിലൂടെ സാമ്പത്തികമായി ഉണ്ടാകുന്ന പ്രതികരണങ്ങളെ അപഗ്രഥിക്കുന്നതിനുള്ളതാണെന്ന് സ്റ്റാര്‍ട്ടപ്പ് ജീനോമിന്റെ സ്ഥാപകനും സിഇഒയുമായ ജെ എഫ് ഗൗത്തിയാര്‍ പറഞ്ഞു.

പ്രാദേശകിമായി ഉയര്‍ന്നു വരുന്ന പൊതു-സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളെ തൊഴിലവസരത്തിന്റെ യന്ത്രങ്ങളായും സാമ്പത്തിക വളര്‍ച്ച നേടുന്നതിനുമായുള്ള വഴികാട്ടിയായുമാണ് ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നത്.