ആശയങ്ങൾക്ക് ജീവൻ പകരാൻ വൗവ് മേക്കേഴ്‌സ്‌

Posted on: January 19, 2015

Wow-selfie-big

വായന അച്ചടിയിൽ നിന്നും കാഴ്ചയിലേക്ക് മാറുന്ന കാലത്ത് ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് രംഗത്ത് ശ്രദ്ധേയരാകുകയാണ് സ്റ്റാർട്ട് അപ് വില്ലേജിലെ ആദ്യ കമ്പനികളിലൊന്നായ വൗവ് മേക്കേഴ്‌സ്. ഇന്റർനെറ്റ് മാർക്കറ്റിംഗ് രംഗത്ത് ഒട്ടേറെ കമ്പനികളുണ്ടെങ്കിലും ഡിജിറ്റൽ മീഡിയയിൽ ഊന്നൽ നൽകി ആഗോള പ്രശസ്തിയിലേക്ക് കുതിക്കുകയാണ് വൗവ് മേക്കേഴ്‌സ് ഡിജിറ്റൽ മീഡിയ സ്റ്റുഡിയോ. കാസർകോട്ടെ രണ്ടു യുവാക്കളുടെ ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ കമ്പനി മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ രാജ്യാന്തര കമ്പനികളുടെ വരെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഒരു കമ്പനി അവരുടെ പ്രോഡക്ടുകളെക്കുറിച്ചു ഏത്ര ചുരുക്കി എഴുതിയാലും സമഗ്രമായ വിവരണം നൽകണമെങ്കിൽ അതിനു ചിലപ്പോൾ ബുക്‌ലെറ്റുകൾ തന്നെ വേണ്ടിവരും. വിവരങ്ങൾ കുത്തിനിറച്ചുള്ള ബ്രോഷറും ബുക്‌ലെറ്റും വായിച്ചു നോക്കാനും മനസിലാക്കാനും ചിലപ്പോൾ ദിവസങ്ങൾ തന്നെവേണ്ടിവരും. പ്രോഡക്ടിന്റെ സവിശേഷത പൂർണമായി മനസിലാക്കി കഴിയുമ്പോഴേക്കും പലതും ഔട്ട് ഡേറ്റഡ് ആയെന്നും വരും.

എന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം ലഘുവായൊരു പരിഹാരമുണ്ടെങ്കിലോ. ആയിരം വാക്കുകൾകൊണ്ട് പറയാൻ സാധിക്കാത്തത് ഒരു ചിത്രം കൊണ്ട് സാധിക്കുമെന്നാണ്. പക്ഷേ അതൊരു വീഡിയോ തന്നെയായാലോ. അതാണ് വൗവ് മേക്കേഴ്‌സ് ചെയ്യുന്നത്. ഇവരുടെ പ്രവർത്തനം കണ്ടാൽ ആരും പറഞ്ഞുപോകും വൗവ്.

മറ്റു കമ്പനികൾക്കുവേണ്ടി അവരുടെ കമ്പനി പ്രൊഫൈലും പ്രോഡക്ടുകളുടെ വിവരങ്ങളും രണ്ടോ മൂന്നോ മിനിട്ടു മാത്രം ദൈർഘ്യമുള്ള എക്‌സ്പ്ലനേറ്ററി വീഡിയോസ് വഴി തയാറാക്കി നൽകുയെന്നതാണ് വൗവ് മേക്കേഴ്‌സിന്റെ പ്രധാന സേവനം. ഓരോ പ്രോഡക്ടുകൾക്കും അവയുടെ സ്വഭാവം അനുസരിച്ച് ആനിമേറ്റഡ് വീഡിയോസ്, ലൈവ് ആക്ഷൻ വീഡിയോസ്, വൈറ്റ് ബോർഡ് വീഡിയോസ് തുടങ്ങിയവ വിവിധ രൂപത്തിലുള്ള വീഡിയോകൾ ഇവർ ചെയ്തുകൊടുക്കുന്നുണ്ട്.

Wow-makers-logo-big

ഉപഭോക്താക്കൾ അവരുടെ പ്രോഡക്ടുകളെക്കുറിച്ചുള്ള വിശദീകരണം മാത്രമെ നൽകുകയേ വേണ്ടു. വൗവ് മേക്കേഴ്‌സ് ആശയം രൂപപ്പെടുത്തുകയും അനുയോജ്യമായ സ്‌റ്റോറി ബോർഡുണ്ടാക്കി മ്യൂസിക്കും വോയിസ് ഓവറും നൽകി ആനിമേറ്റഡ് വീഡിയോ രൂപത്തിലാക്കുന്നു. കംപ്യൂട്ടർ ഭാഷയിൽ ഇതിനു ഡിജിറ്റൽ സ്‌റ്റോറി ടെല്ലിംഗ് എന്നു പറയും. ഒരു പ്രോഡക്ട് എന്താണെന്ന് വീഡിയോകളിലൂടെ വിശദീകരിക്കും.

രാജ്യത്തിനകത്തും പുറത്തുമായി ഇരുന്നൂറോളം കമ്പനികൾക്ക് ഇവർ പ്രോഡക്ട് പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കി നൽകി കഴിഞ്ഞു. മൈക്രോസോഫ്റ്റ്, ബ്ലാക്ക്ബറി, ഫെഡറൽബാങ്ക്, മുരുഗപ്പാ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇതിൽപ്പെടുന്നതാണ്. കേരള സർക്കാരിന്റെ വിവിധ പദ്ധതികൾക്കുവേണ്ടിയും കെഎസ്‌ഐഡിസിക്കുവേണ്ടിയും എക്‌സ്പ്ലനേറ്ററി വീഡിയോസ് തയാറാക്കി നൽകിയിട്ടുണ്ട്. ആനിമേറ്റഡ് വീഡിയോ തയാറാക്കുന്നതിനിനായി ഗൂഗിളുമായി ചർച്ച നടത്തിവരികയാണ്.

കുറഞ്ഞ ചെലവിൽ ലോഗോ തയ്യാറാക്കി നൽകുന്നതിന് വൗവ് മേഴ്‌ക്കേഴ്‌സിന്റെ സഹോദര സംരഭമായി ക്രൗഡ് സ്റ്റുഡിയോ എന്ന കമ്പനിയും ഇവർ നടത്തുന്നുണ്ട്. ചെറിയ ലോഗോ തയാറാക്കുന്നതിനുപോലും ഡിസൈൻ കമ്പനികൾക്ക് വൻതുക തൽകേണ്ടിവരുന്നത് ഒഴിവാക്കുന്നതിനാണ് ഈ ഇത് രൂപം നൽകിയത്. ലോഗോ ആവശ്യമുള്ള ഏതൊരാൾക്കും www.crowdstudio.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം തങ്ങൾക്കാവശ്യമായ ലോഗോയുടെ ഡിസൈനിംഗിനുള്ള ആശയവും വിവരങ്ങളും നൽകാം. കൂടാതെ എത്ര പണം ഇതിനായി ചെലവഴിക്കാനാകുമോ ആ വിവരവും രേഖപ്പെടുത്താം.

കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡിസൈനേഴ്‌സ് ഈ തുകയക്കുള്ള ലോഗോകൾ തയാറാക്കി നൽകും. ഇതിൽനിന്നും ഇഷ്ടപ്പെട്ട ലോഗോ ഉപഭോക്താവിനു തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കിയ ഡിസൈനർക്കായിരിക്കും തുക ലഭിക്കുക. ഒരു മത്സരം പോലെയാണ് കമ്പനി ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലൂള്ള ആയിരത്തോളം ഡിസൈനർമാർ ഈ കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും ലഭിക്കുന്ന ലോഗോകളാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കുന്നതിനായി നൽകുന്നത്. ഇതുവഴി ഒരു ഉപഭോക്താവിനു കുറഞ്ഞ ചെലവിൽ ലോഗോ വാങ്ങാനാകുമെന്ന് കമ്പനി പറയുന്നു. സ്റ്റാർട്ടപ്പു
കളെ സഹായിക്കാനായി രൂപീകരിച്ച ഈ കമ്പനി പബ്ലിക്ക് മാർക്കറ്റിംഗ് രംഗത്തേക്ക് വന്നിട്ടില്ലെങ്കിലും ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോം വഴിയാണ് ഇപ്പോൾ മാർക്കറ്റിംഗ് നടത്തുന്നത്. നിലവിൽ ലോഗോ ഡിസൈനിംഗ് മാത്രമാണ് ചെയ്യുന്നത്. പിന്നീട് മറ്റ് ഡിസൈനിംഗിലേക്കും മാറാൻ പദ്ധതിയുണ്ട്.

എക്‌സ്പ്ലനേറ്ററി വീഡിയോസിനു പുറമെ വെബ്‌സൈറ്റ് നിർമാണവും വൗവ് മേക്കേഴ്‌സ് ചെയ്യുന്നുണ്ട്. കളമശേരി സ്റ്റാർട്ടപ്പ് കമ്പനികൾക്കുവേണ്ടിയാണ് പ്രധാനമായി വെബ്‌സൈറ്റ് നിർമിച്ചു നൽകുന്നത്. അതോടൊപ്പം  കമ്പനികൾക്കുവേണ്ടി എക്‌സ്പ്ലനേറ്ററി വീഡിയോസും തയ്യാറാക്കി നൽകുന്നുണ്ട്. സ്റ്റാർട്ട് അപ്പ് വില്ലേജിന്റെ ലോഗോ തയ്യാറാക്കിയിരിക്കുന്നത് വൗമേക്കേഴ്‌സാണ്. സ്റ്റാർട്ട്അപ്പ് വില്ലേജിന്റെ ബ്രാൻഡിംഗ് പാർട്ടണർ കൂടിയാണ്.

സ്റ്റാർട്ടപ്പ്‌ വില്ലേജിന്റെ തുടക്കംമുതൽ ഇവിടുത്തെ ലീഡിംഗ് കമ്പനിയായി വൗമേക്കേഴ്‌സ് പ്രവർത്തിക്കുന്നു. ഇപ്പോൾ കമ്പനിക്ക് സിംഗപ്പൂരിൽ ഒരു ബ്രാഞ്ചുകൂടിയുണ്ട്. മൂന്നു മാസം മുൻപാണ് സിംഗപ്പൂരിൽ ബ്രാഞ്ച് തുറന്നത്. മിഡിൽ ഈസ്റ്റിൽ കമ്പനിയുടെ സേവനം എത്തിക്കുകയെന്നാണ് വൗവ് മേക്കേഴ്‌സിന്റെ അടുത്ത ലക്ഷ്യം.

തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജിൽ നിന്നും 2011-ൽ കംപ്യൂട്ടർ സയൻസിൽ ബിടെക് പഠനം പൂർത്തിയാക്കിയ വിവേക് രാഘവൻ, ജസിം തായൽ ഷരീഫ് എന്നിവർ ചേർന്നാണ് കമ്പനിക്ക് രൂപം നൽകിയത്. ഫ്രീലാൻസായി ഡിസൈൻചെയ്തു സ്വരുക്കൂട്ടിയ പണത്തിൽ നിന്നും ആരംഭിച്ച ഈ കമ്പനി ഇന്ന് 20 പേർ ജോലിചെയ്യുന്ന സ്ഥാപനമായി വളർന്നിരിക്കുകയാണ്. എല്ലാവരുംതന്നെ 25-30 നും ഇടയിൽ പ്രായമുള്ളവർ.

കാസർകോഡുകാരായ വിവേക് രാഘവൻ (വൗവ് മേക്കേഴ്‌സ് സിഇഒ), ജസിം തായൽ ഷരീഫ് ( ക്രൗഡ് സ്റ്റുഡിയോ സിഇഒ), റാലു രാജൻ മഠത്തിൽ (ചീഫ് മാർക്കറ്റിംഗ് ഓഫീസർ), ദീപക് പ്രഭാകരൻ (ചീഫ് ഓപറേറ്റിംഗ് ഓഫീസർ), നിഥിൻ ബേക്കൽ (ചീഫ് ടെക്‌നിക്കൽ ഓഫീസർ), ജിതേഷ് ലക്ഷ്മൺ (ഡിസൈൻ ഹെഡ്) എന്നിവരാണ് കമ്പനിയുടെ ബോർഡ് അംഗങ്ങൾ.

കമ്പനിയുടെ വെബ്‌സൈറ്റ് : www.crowdstudio.in, www.wowmakers.com ഫോൺ 8113884884