ഫ്രെഡ് ഓള്‍സണ്‍ ആഡംബരക്കപ്പലുകളിലെ സേവനം മികവുറ്റതാക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയര്‍

Posted on: March 24, 2021

തിരുവനന്തപുരം : യുകെ ആസ്ഥാനമായ ഫ്രെഡ് ഓള്‍സണ്‍ ക്രൂസ് ലൈന്‍സിന്റെ ആഡംബരക്കപ്പലുകളില്‍ അതിഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് ഐബിഎസിന്റെ ഐട്രാവല്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കും. ഫ്രെഡ് ഓള്‍സണിന്റെ എല്ലാ ആഡംബരക്കപ്പലുകളിലും യാത്രികരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യാത്രികര്‍ക്ക് തങ്ങളുടെ ക്യാബിനുള്ളില്‍ നിന്നുതന്നെ ഭക്ഷണവും പാനീയങ്ങളും ഓര്‍ഡര്‍ ചെയ്യുവാനും കപ്പലിലെ മറ്റു റീട്ടെയ്ല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുവാനും ഐട്രാവല്‍ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) സഹായകമാകും.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഡംബരയാത്രാ കപ്പലുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പിഒഎസ് സംവിധാനം ഏറെ നിര്‍ണായകമാണ്. സമാനമായി എല്ലാ പ്രവര്‍ത്തനങ്ങളും വിപുലപ്പെടുത്തുന്നതിനോടൊപ്പം കപ്പലിനുള്ളില്‍ ഭക്ഷണ സേവനങ്ങള്‍ സുരക്ഷിതമായി അതിഥികള്‍ക്ക് എത്തിച്ച് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതില്‍ ഇത് സുപ്രധാനമാണ്. കേന്ദ്രീകൃത സംവിധാനമില്ലാതെ പരമ്പരാഗത ചില്ലറ വില്‍പ്പന സംവിധാനം കപ്പലുകളുടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. കൂടാതെ അവയ്ക്ക് പ്രത്യേക ഹാര്‍ഡ്വെയര്‍ വേണമെന്നതിനാല്‍ ചലനാത്മകത കുറഞ്ഞ ഇവയുടെ സേവനം കപ്പലിലെല്ലായിടത്തും ലഭ്യമാകുകയില്ല. അതിഥികള്‍ക്ക് ലോകോത്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള ആഡംബരയാത്രാ കപ്പലുകളുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

ഐട്രാവല്‍ പിഒഎസ് കാര്യക്ഷമമാകുന്നതോടെ മൊബൈല്‍ ഫോണ്‍, ടാബ് പോലെയുള്ള ഹാന്‍ഡ് ഹെല്‍ഡ് ഉപകരണങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുവാന്‍ സാധിക്കും. തങ്ങളുടെ എല്ലാ ഓണ്‍ബോര്‍ഡ് വിനിമയങ്ങളും ഇത്തരത്തില്‍ മെച്ചപ്പെടുത്തുവാനും ഫ്രെഡ് ഓള്‍സണ് കഴിയും.

ഇതിനോടനുബന്ധിച്ച് തീരത്തുനിന്നും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്രീകൃത മേല്‍നോട്ടത്തിനുമായി ഐബിഎസ് സോഫ്റ്റ് വെയര്‍ ഐട്രാവല്‍ സൂപ്പര്‍ ഹൈവേയും വിന്യസിക്കും. റസ്റ്റോറന്റുകളുടെ ക്രമീകരണത്തിനും പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവ ചിട്ടപ്പെടുത്തുന്നതിനും ഇത് സഹായകമാകും. കൂടുതല്‍ പ്രവര്‍ത്തനക്ഷമതയ്ക്കായി ഓരോ കപ്പലുകള്‍ക്കുമുള്ള ബിസിനസ് നിയമങ്ങള്‍ ആസ്ഥാനത്തുനിന്നും കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് കപ്പലുകളും തീരവുമായുള്ള തത്സമയ വിവരസംയോജനത്തിനുമുള്ള ചട്ടക്കൂടാണ് ഐട്രാവല്‍ സൂപ്പര്‍ ഹൈവേ. ആസ്ഥാനത്തുനിന്നും ഓരോ കപ്പലിലേയും വില്‍പ്പന ഏകീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും യഥാസമയം കഴിയും.

ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള സഹകരണം വളര്‍ത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫ്രെഡ് ഓള്‍സണ്‍ ക്രൂയിസ് ലൈനിന്റെ ഐടി ഡയറക്ടര്‍ ഡേമണ്‍ ഇംപെറ്റ് പറഞ്ഞു. കപ്പലുകളില്‍ അതിഥികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പിഒഎസ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് സാങ്കേതികവിദ്യയുടെ അടിത്തറ ലളിതമാക്കുന്നതിനും ഐട്രാവല്‍ പിഒഎസ് സംവിധാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫ്രെഡ് ഓള്‍സണിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ ടൂര്‍ ആന്‍ഡ് ക്രൂയിസ് സൊലൂഷന്‍സ് മേധാവിയും വൈസ് പ്രസിഡന്റുമായ ആശിഷ് കോശി പറഞ്ഞു. റിസര്‍വേഷനുകളേയും കപ്പലിനുള്ളിലെ പ്രവര്‍ത്തനങ്ങളേയും പിന്തുണച്ച് തീരവും കപ്പലുമായി സംയോജിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കപ്പല്‍ക്കമ്പനികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഐബിഎസ് ലക്ഷ്യമിടുന്നത്. ഫ്രെഡ് ഓള്‍സണ്‍ പിഒഎസ് സംവിധാനത്തിനായി ഐബിഎസിനെ തിരഞ്ഞെടുത്തതിലൂടെ ഈ ലക്ഷ്യസാക്ഷാത്കാരത്തിന് തുടക്കം കുറിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഐട്രാവല്‍ സ്യൂട്ടിന്റെ ഭാഗമായ ഐട്രാവല്‍ പിഒഎസ് സംവിധാനത്തില്‍ ആഡംബരയാത്രാകപ്പലുകള്‍ക്കുള്ള ഐട്രാവല്‍ – ക്രൂയിസ് (റിസര്‍വേഷനുകള്‍), ഐട്രാവല്‍ ഡൈനിംഗ് (ടേബിള്‍ റിസര്‍വേഷന്‍), ഐട്രാവല്‍ നാവിഗേറ്റര്‍, ഗസ്റ്റ് മൊബൈല്‍ ആപ്പ് എന്നീ തീര-കപ്പല്‍ സംയോജിത ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്നു.