എട്ട് രാജ്യങ്ങളില്‍ ടോപ് എംപ്ലോയര്‍ ബഹുമതി നേടി യുഎസ്ടി

Posted on: February 18, 2021

തിരുവനന്തപുരം : ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി എട്ട് രാജ്യങ്ങളില്‍ ടോപ് എംപ്ലോയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. യു എസ്, യു കെ, മലേഷ്യ, ഇന്ത്യ, മെക്‌സിക്കോ, സ്‌പെയിന്‍, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നിവയാണ് ഈ രാജ്യങ്ങള്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ടോപ് എംപ്ലോയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിവരുന്ന ഉന്നതമായ അംഗീകാരം കമ്പനിയെ തേടി വരുന്നത്. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന തൊഴില്‍ ദാതാക്കളെയാണ് ടോപ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷംതോറും ആദരിക്കുന്നത്.

ആഗോളതലത്തില്‍ മികച്ച എച്ച്ആര്‍ രീതികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും, വ്യക്തിഗതവും തൊഴില്‍പരവുമായ വികാസത്തിനുള്ള അവസരങ്ങളും ഒരുക്കുന്ന ലോകത്തെ മികച്ച തൊഴില്‍ ദാതാക്കളെയാണ് അംഗീകരിക്കുന്നത്. 30 വര്‍ഷം മുമ്പാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 120 രാജ്യങ്ങളിലായി 1,600-ലധികം തൊഴില്‍ ദാതാക്കളെ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. 2018-ല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായതിനു ശേഷം തുടര്‍ച്ചയായ നേട്ടങ്ങളാണ് യുഎസ്ടി കൈവരിച്ചത്. ടാലന്റ് സ്ട്രാറ്റജി, ലീഡര്‍ഷിപ്പ് ഡവലപ്‌മെന്റ്, വര്‍ക്ക് ഫോഴ്സ് പ്ലാനിംഗ്, കരിയര്‍ ആന്റ് സക്‌സഷന്‍ മാനേജ്‌മെന്റ്, ഓണ്‍-ബോര്‍ഡിംഗ്, കോമ്പന്‍സേഷന്‍ ആന്റ് ബെനിഫിറ്റ്‌സ്, ലേണിങ്ങ് ആന്റ് ഡവലപ്‌മെന്റ്, കള്‍ച്ചര്‍, പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് എന്നിങ്ങനെ മാനദണ്ഡങ്ങളിലെല്ലാം പ്രകടമായ പുരോഗതി നേടിയിട്ടുണ്ട്.

ജീവനക്കാരുടെ കഴിവുകളും പീപ്പിള്‍ പ്രാക്റ്റീസുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവന നല്‍കിയതെന്ന് യുഎസ്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. ‘വഴക്കമുള്ളതും ഊര്‍ജസ്വലവും അതിവേഗം പ്രതികരിക്കുന്നതുമായ ടാലന്റ് ആവാസ വ്യവസ്ഥയെ ക്രമപ്പെടുത്തുകയാണ് കമ്പനിയുടെ എക്കാലത്തേയും ലക്ഷ്യം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഭൂരിഭാഗം ജീവനക്കാരും റിമോട്ട് വര്‍ക്കിങ്ങിലേക്ക് മാറിയിരുന്നു. അതോടെ കുറ്റമറ്റ ഡെലിവറി ഉറപ്പാക്കല്‍ നിര്‍ണായകമായി. ജീവനക്കാരുടെ ഉല്‍പാദനക്ഷമത, ഇടപഴകല്‍, ക്ഷേമം, വിശ്വാസം എന്നിവ ഇതില്‍ പ്രധാനമാണ്. വിലയിരുത്തലും പുനര്‍മൂല്യനിര്‍ണയവും പരിവര്‍ത്തനവും ബിസ്‌നസിന്റെ അനിവാര്യതയായി. ടോപ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലെ പങ്കാളിത്തം എല്ലായ്‌പ്പോഴും മികച്ച പഠനാവസരമാണ് തുറന്നു തരുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും യുഎസ്ടി യെ മികച്ച തൊഴില്‍ ദാതാവായി അംഗീകരിച്ചതില്‍ സന്തുഷ്ടനാണ്. ശ്രദ്ധേയമായ ഈ അംഗീകാരത്തിന് ടോപ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിനും അസോസിയേറ്റ്‌സിനും നന്ദി പറയുന്നു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോപ് എംപ്ലോയര്‍ ബഹുമതിക്കു പുറമേ, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളിലെ തൊഴിലിട സംസ്‌കാര വിശകലനത്തില്‍ ആധികാരികമെന്ന് വിലയിരുത്തപ്പെടുന്ന ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ‘, ഏറ്റവും മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനുള്ള 2020-ലെ ഗ്ലാസ് ഡോര്‍ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡ് എന്നിവയും കമ്പനി നേടിയിട്ടുണ്ട്.

മനുഷ്യകേന്ദ്രിത സമീപനത്തോടെ, കരുത്തുറ്റ സാങ്കേതികവിദ്യ ഉപയുക്തമാക്കി അറിവിനും ആജീവനാന്ത പഠനത്തിനുമുള്ള അവസരമാണ് കമ്പനി ഒരുക്കുന്നതെന്ന് യുഎസ്ടി ടാലന്റ് ആന്റ് ഓര്‍ഗനൈസേഷണല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ ഗ്ലോബല്‍ ഹെഡ് കവിത കുറുപ്പ് അഭിപ്രായപ്പെട്ടു. ഓരോ വെല്ലുവിളിയും പുതിയൊരു സാധ്യതയായി തിരിച്ചറിഞ്ഞ്, അതിരുകള്‍ ഇല്ലാത്ത സ്വാധീന ശക്തിയായി ജീവിതങ്ങളെ പരിണമിപ്പിക്കുന്നവരാണ് യുഎസ്ടി ജീവനക്കാര്‍. അവരോടുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ടോപ് എംപ്ലോയര്‍ അംഗീകാരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.