കെ എം എ സുസ്ഥിരതാ ഉച്ചകോടിയില്‍ രണ്ട് പുരസ്‌ക്കാരങ്ങള്‍ നേടി യു എസ് ടി

Posted on: March 15, 2024

കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) സംഘടിപ്പിച്ച സുസ്ഥിരതാ ഉച്ചകോടിയുടെ വേദിയില്‍ പ്രമുഖ ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ടു സുപ്രധാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാഭ്യാസത്തിനുള്ള കെഎംഎ സിഎസ്ആര്‍ അവാര്‍ഡ് 2024, കെഎംഎ ഇ എസ് ജി അവാര്‍ഡ് 2024 എന്നീ പുരസ്‌കാരങ്ങളാണ് യു എസ് ടി യ്ക്ക് സമ്മാനിച്ചത്.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍), വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹികം, ഭരണ മേഖലകള്‍ എന്നിവയുടെ മികവിനെ ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളോടുള്ള യുഎസ് ടി യുടെ പ്രതിബദ്ധതയാണ് കെ എം എ പുരസ്‌കാരങ്ങളിലൂടെ ആദരിക്കപ്പെട്ടത്. അഡോപ്റ്റ് എ സ്‌കൂള്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കായുള്ള വെര്‍ച്വല്‍ സയന്‍സ് ലബോറട്ടറികള്‍, സംയോജിത വിദ്യാഭ്യാസ സഹായ പരിപാടികള്‍, ഐ ടി ലാബുകളുടെ സജ്ജീകരണം, അംഗന്‍വാടികള്‍ക്കുള്ള പിന്തുണ, ഭിന്നശേഷികാരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കലയുടെയും കായിക വിനോദങ്ങളുടെയും പ്രോത്സാഹനം, തുടങ്ങി അതുല്യമായ നിരവധി സംരംഭങ്ങളിലൂടെ യുഎസ്ടി വിദ്യാഭ്യാസ മേഖലയിലെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഈ സംരംഭങ്ങള്‍ 16,000 വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായിട്ടുണ്ട്.

കേരള, സി ബി എസ് ഇ പാഠ്യപദ്ധതികള്‍ പ്രകാരം ഇംഗ്ലീഷിലും മലയാളത്തിലും പഠിക്കാവുന്ന വിധത്തില്‍ വിര്‍ച്വല്‍ സയന്‍സ് ലബോറട്ടറികള്‍ എന്ന പേരില്‍ 250 വെര്‍ച്വല്‍ ലബോറട്ടറികള്‍ സ്ഥാപിച്ച് 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലായി 6500-ലധികം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഉന്നമനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യു എസ് ടി തുടക്കം കുറിച്ചിട്ടുണ്ട്. വിസ്വാര, കേരള പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുമായി ചേര്‍ന്നാണ് യു എസ് ടി ഈ സംരംഭം രൂപകല്‍പന ചെയ്തിട്ടുള്ളത്.

2040-ഓടെ നെറ്റ് സീറോ എമിഷന്‍ കൈവരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക, പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിബദ്ധതകള്‍ കൈവരിക്കാന്‍ ഉപഭോക്തൃ സ്ഥാപനങ്ങളെ സഹായിക്കുക, ശാസ്ത്രാധിഷ്ഠിതമായ നടപടികളിലൂടെ പരിസ്ഥിതി, സാമൂഹിക, ഭരണ മേഖലകളിലെ സുസ്ഥിര ശ്രമങ്ങള്‍ നടപ്പാക്കുക എന്നീ മേഖലകളില്‍ കമ്പനി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. ഒപ്പം, കമ്പനി അതിന്റെ പ്രധാന മൂല്യങ്ങളിലും മികച്ച ഗവെര്‍ണന്‍സ് പ്രക്രിയയിലും വേരൂന്നിയ ശക്തമായ നൈതിക മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രതിഭാധനരായ ജീവനക്കാര്‍ക്ക് മുന്‍ഗണന, തുടര്‍ച്ചയായ പഠനം, സമഗ്ര ക്ഷേമം, വൈവിധ്യം, ഉള്‍ക്കൊള്ളല്‍ എന്നിവ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് യു എസ് ടി നടപ്പാക്കുന്നത്. ജീവനക്കാര്‍ക്കും ഉപഭോക്തൃ സ്ഥാപനങ്ങള്‍ക്കും ഫലപ്രദമായ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. ഊര്‍ജ്ജ സംരക്ഷണ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറി, സുസ്ഥിരമായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിതരണക്കാരും, ഉപയോക്താക്കളുമായും കമ്പനി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസ് ടിയുടെ വിവിധ കേന്ദ്രങ്ങളില്‍ ജലസംരക്ഷണത്തിനും ഭൂഗര്‍ഭജല ഉപഭോഗം കുറയ്ക്കുന്നതിനുമായി മലിനജല സംസ്‌കരണം, ജല പുനരുപയോഗം, മഴവെള്ള സംഭരണം, കൃത്രിമ തടാക നിര്‍മ്മാണം, സ്മാര്‍ട്ട് മീറ്ററിംഗ് എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. സുതാര്യമായ റിപ്പോര്‍ട്ടിംഗും ഇ എസ് ജി തത്വങ്ങളോടുള്ള സമര്‍പ്പണവും സുസ്ഥിരമായ ഭാവിയിലേക്കുള്ള പാതയില്‍ ഒന്നായി മുന്നേറാന്‍ മറ്റുള്ളവരെകൂടി പ്രചോദിപ്പിക്കുമെന്നും കമ്പനി വിശ്വസിക്കുന്നു.

വിദ്യാഭ്യാസത്തിനുള്ള കെഎംഎ സിഎസ്ആര്‍ അവാര്‍ഡ് 2024, യു എസ് ടി ചീഫ് വാല്യൂസ് ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍, തിരുവനന്തപുരം കേന്ദ്രത്തിലെ സിഎസ്ആര്‍ അംബാസഡര്‍ സോഫി ജാനറ്റ്, യുഎസ് ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ഏറ്റുവാങ്ങി. അതേസമയം, കെഎംഎ ഇ എസ് ജി അവാര്‍ഡ് 2024, യു എസ് ടി ഇ എസ് ജി ആന്‍ഡ് സസ്റ്റൈനബിലിറ്റി സര്‍വീസസ് ആഗോള പ്രോഗ്രാം മാനേജര്‍ ഫൗസ്മി അബ്ദുള്‍ ഗഫൂര്‍, യുഎസ് ടി കളേഴ്സ് എംപ്ലോയി എന്‍ഗേജ്മെന്റ് പ്രോഗ്രാം മാനേജര്‍ നിപുണ്‍ വര്‍മ്മ എന്നിവര്‍ ഏറ്റുവാങ്ങി.

”യു എസ് ടി യുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സംരംഭങ്ങളിലൂടെ സമൂഹ നന്മയ്ക്കായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. ജീവനക്കാരുടെ കൂട്ടായ പ്രയത്‌നത്തിലൂടെ യു എസ് ടി നടപ്പിലാക്കുന്ന മഹത്തായ നടപടികളുടെ സാക്ഷ്യമാണ് കെഎംഎ അവാര്‍ഡുകള്‍. വിദ്യാഭ്യാസം, പരിസ്ഥിതി, സമൂഹം എന്നീ മേഖലകളില്‍ പരിവര്‍ത്തനം സാധ്യമാക്കുന്ന യുഎസ്ടിയും അതിന്റെ സി എസ് ആര്‍ – ഇ എസ് ജി പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഈ പുരസ്‌കാരങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുകയും നമ്മള്‍ ജീവിക്കുന്ന ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ യുഎസ് ടിയെ പ്രാപ്തരാക്കുകയും ചെയ്യുന്നു,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

സി എസ് ആര്‍ പ്രവര്‍ത്തനങ്ങളിലൂടെയും സുസ്ഥിര സംരംഭങ്ങളിലൂടെയും അര്‍ത്ഥവത്തായ മാറ്റം കൊണ്ടുവരാനുള്ള കമ്പനികളുടെ പരിവര്‍ത്തന ശക്തിയുടെ ആഘോഷമാണ് കെ എം എ അവാര്‍ഡുകള്‍.