യു എസ് ടി കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഡിജി ലാബ്‌സ് എന്ന കമ്പനിയെ ഏറ്റെടുത്തു

Posted on: February 1, 2023

തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോഡിജി ലാബ്‌സ് എന്ന കമ്പനിയെ ഏറ്റെടുത്തു. പ്രോഡിജി വെഞ്ചേഴ്സ് ഇന്‍കോര്‍പ്പറേറ്റഡുമായുള്ള കരാറിന്റെ ഭാഗമായാണ് പ്രോഡിജി ലാബ്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ടി സി ബി കോര്‍പ്പറേഷന്‍ എന്ന ടെക്‌നോളജി ദാതാക്കളായ കമ്പനിയെ യു എസ് ടി ഏറ്റെടുത്തത്. പ്രോഡിജി വെഞ്ചേഴ്സുമായുള്ള യു എസ് ടി യുടെ കരാര്‍ 12.5 ദശലക്ഷം കനേഡിയന്‍ ഡോളര്‍ മൂല്യമുള്ളതാണ്.

നൂതന സാങ്കേതിക ഇടപെടലുകളിലൂടെ വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനം ഉറപ്പു വരുത്തുന്ന മുന്‍നിര ടെക്‌നോളജി ദാതാക്കളാണ് പ്രോഡിജി ലാബ്‌സ്. സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനായി സ്ഥാപനങ്ങളെ സഹായിക്കുന്നതില്‍ പ്രോഡിജി ലാബ്‌സ് വലിയ പങ്കുവഹിക്കുന്നു. പ്രോഡിജി ലാബ്‌സിനെ ഏറ്റെടുത്തതോടെ കാനഡയിലെ സാമ്പത്തിക സേവന മേഖലയില്‍ യു എസ് ടിയുടെ സ്ഥാനം ശക്തിപ്പെടും.

സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അവരുടെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാനുള്ള ആധുനിക മാര്‍ഗ്ഗങ്ങള്‍ നല്‍കുന്നതില്‍ യുഎസ് ടിയുടെ ഈ തന്ത്രപരമായ നീക്കം സഹായിക്കും. പ്രോഡിജി ലാബ്സിന്റെ ഏറ്റെടുക്കലോടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സേവന രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും പ്രശ്‌നപരിഹാരങ്ങളും വികസിപ്പിക്കുവാനും യു എസ് ടിയ്ക്ക് സാധിക്കും. ഏറ്റെടുക്കല്‍ യു എസ് ടി യുടെ സാമ്പത്തിക സേവനരംഗത്തെ ഡിജിറ്റല്‍ പരിവര്‍ത്തന സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ കനേഡിയന്‍ വിപണിയിലെ സാന്നിധ്യവും വിപുലീകരിക്കും.

‘കനേഡിയന്‍ സാമ്പത്തിക മേഖല വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രോഡിജി ലാബ്‌സ് ഏറ്റെടുത്തതോടെ വളര്‍ന്നുവരുന്ന വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ യു എസ് ടി യ്ക്ക് കരുത്തേറും. പ്രോഡിജി ലാബ്‌സ് വികസിപ്പിച്ചെടുത്ത അത്യാധുനിക സേവനങ്ങളും പ്രശ്‌നപരിഹാര മാര്‍ഗങ്ങളും യു എസ് ടി യുടെ പോര്‍ട്ട്‌ഫോളിയോയെ മികച്ചതാക്കും. അതിനോടൊപ്പം തന്നെ സാമ്പത്തിക വ്യവസായത്തില്‍ എന്‍ഡ്-ടു- എന്‍ഡ് ഡിജിറ്റല്‍ പരിവര്‍ത്തന സേവനങ്ങള്‍ നല്‍കുവാനുള്ള ഞങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ചെയ്യും,’ യു എസ് ടിയുടെ ബാങ്കിംഗ് ആന്‍ഡ് പെയ്‌മെന്റ്‌സ് ജനറല്‍ മാനേജര്‍ മെഹ്‌മത് പാസ പറഞ്ഞു.

‘പ്രോഡിജി ലാബ്‌സ് ഏറ്റെടുത്തതിലൂടെ സാമ്പത്തിക സേവന വ്യവസായ മേഖലയില്‍ എന്‍ഡ്-ടു- എന്‍ഡ് ഡിജിറ്റല്‍ പരിവര്‍ത്തന സേവനങ്ങള്‍ നല്‍കുന്നതിനുള്ള യു എസ് ടി യുടെ ശക്തിയും ശേഷിയും വര്‍ദ്ധിക്കുന്നു. ഭാവിയെ മുന്നില്‍ക്കണ്ട്, ഒപ്പം തന്നെ ഒരു ഫസ്റ്റ് ക്ലാസ് ഉപഭോക്താവിന്റെ അനുഭവം നല്‍കുവാനും ധനകാര്യ സ്ഥാപനങ്ങളെ ആധുനിക ഡിജിറ്റല്‍ ചട്ടക്കൂടിലേക്ക് മാറ്റാന്‍ സഹായിക്കാനും യു എസ് ടി ക്ക് സാധിക്കുന്നു. ഈ തന്ത്രപരമായ ഏറ്റെടുക്കല്‍ കനേഡിയന്‍ സാമ്പത്തിക സേവന വിപണിയിലെ വിജയത്തിനും ഞങ്ങളെ സഹായിക്കുന്നു. ഈ മേഖലയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനും അതിലൂടെ യുഎസ് വിപണിയെ സേവിക്കുന്നതിനുള്ള പിന്തുണയും കമ്പനിയ്ക്ക് ലഭിക്കും,’ യു എസ് ടിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ സുനില്‍ കാഞ്ചി അഭിപ്രായപ്പെട്ടു.

‘സ്ഥാപനങ്ങളുടെ സേവന വിതരണം നവീകരിക്കുന്നതില്‍ പ്രോഡിജി ലാബ്‌സ് സജീവ പങ്കു വഹിച്ചിട്ടുണ്ട്. യു എസ് ടിയുമായുള്ള പ്രോഡിജി ലാബ്‌സിന്റെ ബന്ധം ശക്തിപ്പെടുന്നത് സേവനങ്ങള്‍ അവയുടെ ഉപഭോക്താക്കളില്‍ എത്തിക്കുന്നത് മികച്ച നിലയില്‍ തുടരാന്‍ ടീമിനെ സഹായിക്കും. പ്രോഡിജി ലാബ്‌സ് ഒരു യു എസ് ടി കമ്പനി എന്ന നിലയില്‍ അതിന്റെ സാമ്പത്തിക ശക്തിയും ഉല്‍പ്പന്നങ്ങളുടെ മെച്ചപ്പെട്ട സേവനവും ഉപയോഗിച്ച് വളര്‍ച്ച തുടരുമെന്നതില്‍ ഞാന്‍ ആവേശഭരിതനാണ്,’ പ്രോഡിജി വെഞ്ചേഴ്‌സിന്റെ സ്ഥാപക ചെയര്‍മാനും സി ഇ ഒ യുമായ ടോം ബെക്കര്‍മാന്‍ പറഞ്ഞു.

ഉപഭോക്താക്കളുടെയും പങ്കാളികളുടെയും പ്രവര്‍ത്തനങ്ങളെ ഒരേപോലെ ലളിതമാക്കുന്നതിന് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് രംഗത്തെ മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിച്ച് മത്സരശേഷി വര്‍ദ്ധിപ്പിക്കാന്‍ യുഎസ് ടി പ്രതിജ്ഞാബദ്ധമാണ്.

 

TAGS: Ust |